ജിദ്ദ- വഖഫ് ബിൽ തിടുക്കത്തിൽ പാസാക്കിയെടുക്കാൻ തുനിഞ്ഞിറങ്ങിയ കേന്ദ്ര സർക്കാരിന് പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വിടേണ്ടിവന്നത് ശുഭസൂചന നൽകുന്നതും ജനാധിപത്യത്തിന്റെ വിജയവുമാണെന്ന് അഡ്വ ഹാരിസ് ബീരാൻ എംപി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച സമുദായ സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗീയ ഭൂരിപക്ഷമുള്ള സമയത്ത് അർദ്ധ രാത്രിയിൽ വരെ ബില്ല് പാസാക്കുന്നതിനുള്ള നടപടികൾ എടുക്കുമായിരുന്നു.
പ്രവാസികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ സഭയിലും കോടതിയിലും പോരാട്ടം തുടരും. പാതി വഴിയിൽ അടഞ്ഞുപോയ പ്രവാസികളുടെ വോട്ടവകാശത്തിന്റെ വിഷയം വീണ്ടും ഉന്നയിക്കുമെന്നും വേണ്ട നിയമ നടപടികൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷനായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സൽമാൻ ദാരിമി(സമസ്ത), സൈനുൽ ആബിദീൻ (ഐ സി എഫ്), നൂർഷ (ഇസ്‌ലാഹി സെന്റർ), ഫൈസൽ വാഴക്കാട് (വിസ്‌ഡം), സലാഹ് കാരാടൻ (എം ഇ എസ്), ഷറഫുദീൻ ബാഖഫി (ദക്ഷിണ കേരള), കെ എം അനീസ് (കെഐജി), ഷറഫുദീൻ മേപ്പാടി (മർകസ് ദഅവ),, സകീർ ഹുസ്സൈൻ (എം എസ് എസ്), സയ്യിദ് ഉബൈദ് തങ്ങൾ എന്നിവർ സംസാരിച്ചു. ഇസ്‌ഹാഖ് പൂണ്ടോളി സ്വാഗതവും വിപി അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.