തിരുവനന്തപുരം- ബോംബ് ഭീഷണിയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രഖ്യാപിച്ചിരുന്ന എമർജൻസി അലർട്ട് പിൻവലിച്ചു. മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തിനുണ്ടായ ബോംബ് ഭീഷണിയെ തുടർന്നാണ് എമർജൻസി പ്രഖ്യാപിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനത്തില്‍ നിന്ന് യാത്രക്കാരെ എമര്‍ജന്‍സി എക്‌സിറ്റ് വഴി ഒഴിപ്പിച്ച ശേഷം ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു.
മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച എയര്‍ ഇന്ത്യയുടെ എഐ657 വിമാനത്തിനാണ് ഭീഷണി ലഭിച്ചത്. ഭീഷണിയെക്കുറിച്ച് പൈലറ്റാണ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചത്. തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്ങിന് സംവിധാനമൊരുക്കുകയായിരുന്നു. ഫോൺ വഴി ലഭിച്ച സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.