ജിദ്ദ – റിയാദ് മെട്രോ ഈ വര്‍ഷം ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ വെളിപ്പെടുത്തി. ജിദ്ദ തുറമുഖത്ത് പുതുതായി ആരംഭിച്ച ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് സോണ്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തലസ്ഥാന നഗരിയില്‍ ഗുണപരമായ കുതിച്ചുചാട്ടം കൈവരിക്കുന്ന ബൃഹത്തായ പദ്ധതിയാണിത്. ലോകത്ത് ഒരേസമയം നിര്‍മിക്കുന്ന ഏറ്റവും വലിയ മെട്രോ പദ്ധതിയുമാണിത്.
സൗദിയില്‍ നിലവില്‍ 22 ലോജിസ്റ്റിക്‌സ് സോണുകളുണ്ട്. 2030 ഓടെ ജോലിസ്റ്റിക്‌സ് സോണുകളുടെ എണ്ണം 59 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. തുറമുഖങ്ങളെ വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കുന്നത് സൗദിയില്‍ ലോജിസ്റ്റിക്‌സ് മേഖലയുടെ വഴക്കത്തെ പിന്തുണക്കും. നിലവില്‍ രാജ്യത്തെ തുറമുഖങ്ങളിലെ ലോജിസ്റ്റിക്‌സ് സോണുകളില്‍ 1,000 കോടി റിയാലിന്റെ നിക്ഷേപങ്ങളാണുള്ളത്. പുതുതായി ആരംഭിച്ച ദേശീയ വിമാന കമ്പനിയായ റിയാദ് എയറിന് അടുത്ത വര്‍ഷം ആദ്യ ബാച്ച് വിമാനങ്ങള്‍ ലഭിക്കും. അടുത്ത കൊല്ലം തന്നെ കമ്പനി സര്‍വീസുകള്‍ ആരംഭിക്കുമെന്നും എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.
ലോക തുറമുഖങ്ങളെ സൗദി തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് പുതുതായി 47 ഷിപ്പിംഗ് ലൈനുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് സൗദി പോര്‍ട്ട്‌സ് അതോറിറ്റി സി.ഇ.ഒ ഉമര്‍ ഹരീരി പറഞ്ഞു. ഇതോടെ സൗദി തുറമുഖങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന ഷിപ്പിംഗ് ലൈനുകളുടെ എണ്ണം 115 ആയി. ഗ്ലോബല്‍ നാവിഗേഷന്‍ കണക്ടിവിറ്റി സൂചികയില്‍ ഇത് സൗദി അറേബ്യയുടെ മുന്‍നിര സ്ഥാനം കൂടുതല്‍ ശക്തമാക്കും.
ജിദ്ദ തുറമുഖത്ത് മെഴ്‌സ്‌ക് കമ്പനി നടത്തിയ നിക്ഷേപം ലോകത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് നിക്ഷേപമാണ്. 130 കോടി റിയാല്‍ ചെലവഴിച്ചാണ് ജിദ്ദ തുറമുഖത്ത് മെഴ്‌സ്‌ക് കമ്പനി ലോജിസ്റ്റിക്‌സ് സോണ്‍ സ്ഥാപിച്ചിരിക്കുന്നത്. സൗദി പോര്‍ട്ട്‌സ് അതോറിറ്റിയും വന്‍കിട സൗദി, വിദേശ കമ്പനികളും 2,500 കോടി റിയാലിന്റെ നിക്ഷേപ കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും ഉമര്‍ ഹരീരി പറഞ്ഞു.
പുതിയ ലോജിസ്റ്റിക്‌സ് സോണ്‍ 100 ശതമാനവും സൗരോര്‍ജത്തെ അവലംബിക്കുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ ഇവിടെ ഇലക്ട്രിക് ലോറികളാണ് ഉപയോഗിക്കുന്നത്. 2040 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള സൊല്യൂഷനുകള്‍ ലോജിസ്റ്റിക്‌സ് സോണില്‍ ഉപയോഗിക്കുന്നു.