തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നും കാണാതായ തസ്മിത്ത് തംസം എന്ന 13-കാരിയെ കന്യാകുമാരിയിൽ കണ്ടതായി വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കേരള-തമിഴ്നാട് പോലീസും ജനങ്ങളും വ്യാപക തിരച്ചിലിലാണ്. ഇന്നലെ രാവിലെയാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിത്ത് വീട്ടുകാരോട് പിണങ്ങി വീട്ടിൽനിന്ന് ഇറങ്ങിപ്പോയത്.
പെൺകുട്ടി ഇന്നലെ ഉച്ചയ്ക്ക് ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിൽ യാത്ര ചെയ്തതായി രണ്ട് യാത്രക്കാരികളും ഇന്ന് പുലർച്ചെ അഞ്ചരയോടെ കന്യാകുമാരിയിൽ കണ്ടതായി ഒരു ഓട്ടോ ഡ്രൈവറും പറയുകയുണ്ടായി. ബീച്ച് റോഡിൽ വച്ചാണ് കുട്ടിയെ കണ്ടതെന്നാണ് ഓട്ടോ ഡ്രൈവർ പറഞ്ഞത്. ട്രെയിനിൽ വച്ച് യാത്രക്കാർ എടുത്ത ഫോട്ടോ പോലീസ് പുറത്തുവിട്ടതോടെയാണ് ഇത് കാണാതായ കുട്ടി തന്നെയാണെന്ന് സ്ഥിരീകരണമുണ്ടായത്. എന്നാൽ 24 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.
പാറശ്ശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നുവെന്ന് ട്രെയിനിലെ ഒരു യാത്രക്കാരിയാണ് കുട്ടിയെ കാണാതായ വാർത്തയറിഞ്ഞ്, ഇന്ന് പുലർച്ചെ പോലീസിനെ അറിയിച്ചത്. യാത്രക്കാരിയായ വിദ്യാർത്ഥിനി ബബിതയാണ് പെൺകുട്ടിയുടെ ഫോട്ടോയെടുത്തത്. പെൺകുട്ടി ട്രെയിനിലിരുന്ന് കരഞ്ഞിരുന്നു. ഇതാണ് ശ്രദ്ധിക്കാൻ കാരണമെന്നും കുട്ടിയുടെ കൈയിൽ 40 രൂപ കണ്ടതായും യാത്രക്കാരി പോലീസിനോട് പറയുകയുണ്ടായി.
കുട്ടി 50 രൂപയുമായാണ് വീട്ടിൽനിന്ന് പോയതെന്ന് മാതാപിതാക്കളും പോലീസിനോട് പറഞ്ഞിരുന്നു. ഒരു മാസം മുമ്പാണ് അസം സ്വദേശികളായ അഞ്ചംഗ കുടുംബം കഴക്കൂട്ടത്ത് താമസമാക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ തമ്പാനൂരിൽ നിന്നാണ് പെൺകുട്ടി ട്രെയിനിൽ കയറിയതെന്നാണ് വിവരം. യാത്രക്കാരിയിൽനിന്നും ലഭിച്ച ചിത്രം കുട്ടിയുടെ വീട്ടുകാരെ കാണിച്ചാണ് കാണാതായ തസ്മിത്ത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ചുവപ്പ് പാവാടയും മഞ്ഞ ടോപ്പുമാണ് വേഷം. പോലീസും നാട്ടുകാരുമെല്ലാം ചേർന്ന് കുട്ടിയ്ക്കായി ഊർജിതമായ തിരച്ചിൽ തുടരുകയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടിയെപ്പറ്റി വിവരം ലഭിച്ചാൽ ഉടനെ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
കുട്ടിയെപ്പറ്റി വിവരം ലഭിക്കുന്നവർ എ.സി.പി സൈബർ സിറ്റി – 9497960113,
കഴക്കൂട്ടം എസ്.ഐ: 9497980111 എന്നി നമ്പറുകളിലോ അടുത്ത പോലീസ് സ്റ്റേഷനുകളിലോ വിവരം അറിയിക്കണം.