മലപ്പുറം- മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് ശശിധരനെതിരെ അതിരൂക്ഷ വിമർശനവുമായി നിലമ്പൂർ എം.എൽ.എ പി.വി അൻവർ. ജില്ലാ പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ എസ്.പിയെ വേദിയിലിരുത്തിയാണ് അൻവർ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചത്. തന്റെ പാർക്കിലെ 2300-ലേറെ കിലോ തൂക്കം വരുന്ന റോപ് വേ മോഷണം പോയി എട്ടുമാസമായിട്ടും കേസിലെ പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ലെന്ന് അൻവർ ആരോപിച്ചു.
ഒരാൾക്കും രണ്ടാൾക്കും പത്താൾക്കും അത് കൊണ്ടുപോകാനാകില്ല. മൂന്നു പ്രാവശ്യം ജില്ലാ പോലീസ് സൂപ്രണ്ടിനെ വിളിച്ചു. എന്നിട്ടും ഒരു ഫലവുമുണ്ടായില്ല. ഞങ്ങൾക്ക് കിട്ടിയ വിവരവും പോലീസിന് കൈമാറി. അതിലൊരു സ്ത്രീയെ മാത്രം വിളിച്ച് ചായ കൊടുത്തുവിട്ടു. അടുത്ത നിയമസഭ സമ്മേളനത്തിൽ തെളിവടക്കം ഇക്കാര്യം പറയുമെന്നും അൻവർ വ്യക്തമാക്കി. ഇങ്ങിനെയാണോ പോലീസ് പെരുമാറേണ്ടത്. ഏത് പൊട്ടനും കണ്ടുപിടിക്കാൻ കഴിയുന്ന കാര്യമാണിത്. ഇങ്ങിനെയുണ്ടോ പോലീസെന്നും അൻവർ ചോദിച്ചു.
ചില പോലീസ് ഉദ്യോഗസ്ഥരെ എസ്.പി മാറ്റുകയാണെന്നും അൻവർ പറഞ്ഞു. കേന്ദ്ര സർക്കാറിന് കുട പിടിക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും അൻവർ വിമർശിച്ചു. വിമർശനം രൂക്ഷമായതോടെ പ്രസംഗം ഒറ്റവരിയിൽ ഒതുക്കി എസ്.പി എസ്. ശശിധരൻ സ്ഥലം വിട്ടു. മറ്റു പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടെന്നും പ്രസംഗിക്കാനുള്ള മൂഡില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എസ്.പി വേദി വിട്ടത്. ചടങ്ങിലെ മുഖ്യപ്രഭാഷകനായിരുന്നു എസ്.പി.