ജിദ്ദ – കടമകള്‍ പാലിക്കുന്നതില്‍ വീഴ്ചകള്‍ വരുത്തി, മക്കള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച സൗദി പൗരനെ ചോദ്യം ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. മൂന്നു മക്കളെയും സ്‌കൂളുകളിലേക്ക് തിരികെ അയക്കാനും അവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കി.
ഏഴു മുതല്‍ 11 വരെ വയസ് പ്രായമുള്ള മൂന്നു മക്കളെയാണ് നിയമാനുസൃതമായ യാതൊരുവിധ ന്യായീകരണവുമില്ലാതെ സൗദി പൗരന്‍ സ്‌കൂളുകളില്‍ പോകുന്നതില്‍ നിന്ന് വിലക്കിയത്.
ഇത് കുട്ടികളില്‍ മാനസികമായ വലിയ ആഘാതമുണ്ടാക്കി. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഈ അവകാശങ്ങള്‍ ലംഘിക്കുന്നവരോട് കണക്കു ചോദിക്കാനുമുള്ള പ്രതിബദ്ധത പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന പ്രവണത ചെറുക്കുന്നത് സാമൂഹികനീതി കൈവരിക്കാനുള്ള പ്രധാന ചുവടുവെപ്പാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.