റിയാദ്- ഇന്ത്യയുടെ 78 ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) ഇന്ത്യ @78 സംവാദം സംഘടിപ്പിച്ചു.
നയവൈകല്യങ്ങളും പക്ഷപാത നിലപാടുകളും ഇന്ത്യയുടെ അതിവേഗ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെന്നും ഓരോ പൗരനും അത് തിരിച്ചറിയണമെന്നും സംവാദത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സമൂഹത്തെ ഹിന്ദു, മുസ്ലിം എന്ന് തരംതിരിച്ച് അതില്‍ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. സൈന്യത്തെ പോലും ഹിന്ദുവത്കരിക്കാനുളള നീക്കമാണ് നടക്കുന്നത്. ഭരണ ഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ ഭേദഗതി ചെയ്യാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയവര്‍ അതിന്റെ ആത്മാവ് നശിപ്പിക്കുകയാണിപ്പോള്‍.
പാഠപുസ്തകങ്ങളിലെ ചരിത്രപാഠങ്ങളില്‍ അതിവിദഗ്ധമായി മാറ്റങ്ങള്‍ വരുത്തി വിദ്യാര്‍ഥികളെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയരാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ പൗരന്മാര്‍ വിവേചനം നേരിടുന്നുണ്ട്. നിയമങ്ങളും നയങ്ങളും സങ്കീര്‍ണമാകുമ്പോള്‍ ഇന്ത്യയുടെ സമ്പദ്ഘടനക്ക് പോറലേല്‍ക്കുന്നു. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ അവഗണിക്കപ്പെടുകയാണ്. ആരോഗ്യരാഷ്ട്രീയം ഇന്ത്യയുടെ ആരോഗ്യമേഖലക്ക് വെല്ലുവിളിയായിരിക്കുകയാണ്. നയവൈകല്യവും ഫണ്ടിംഗിന്റെ അഭാവവും ആരോഗ്യത്തെ മേഖലയെ ക്ഷയിപ്പിക്കുകയാണ്. ഭരണാധികാരികള്‍ ഇത് തിരിച്ചറിയണമെന്നും രാജ്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും മുഖ്യ അജണ്ടയാക്കണമെന്നും സംവാദത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.
വിവിധ സാംസ്‌കാരിക സംഘടന പ്രതിനിധികള്‍ സംബന്ധിച്ചു. റിംഫ് രക്ഷാധികാരി നജീം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു. നാദിര്‍ഷ ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതം പറഞ്ഞു.
സാംസ്‌കാരിക സമിതി കണ്‍വീനര്‍ ഷിബു ഉസ്മാന്‍ വിഷയാവതരണം നടത്തി. ഷംനാദ് കരുനാഗപ്പള്ളി മോഡറേറ്ററായിരുന്നു.
സതീഷ് കുമാര്‍ കേളി (ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍), സുധീര്‍ കുമ്മിള്‍ നവോദയ (ഭരണഘടനയും സമകാലിക ഇന്ത്യയും), ജയന്‍ കൊടുങ്ങല്ലൂര്‍ റിംഫ് (നിറം മാറുന്ന വിദ്യാഭ്യാസ നയം), ബാരിഷ് ചെമ്പകശ്ശേരി പ്രവാസി (പൗരത്വ വിവേചനം), ഷാഫി തുവ്വൂര്‍ കെഎംസിസി (സമ്പദ്ഘടനയും ദാരിദ്ര്യവും, അഡ്വ. എല്‍.കെ അജിത് ഒഐസിസി (തൊഴിലില്ലായ്മയും കുടിയേറ്റവും), ഡോ. അബ്ദുല്‍ അസീസ് (രോഗാതുരമോ ഇന്ത്യന്‍ ആരോഗ്യമേഖല), ഇല്‍യാസ് പാണ്ടിക്കാട് ആവാസ് (കേന്ദ്ര ഏജന്‍സികളും പ്രതിപക്ഷവും), രാഷ്ട്രീയ നിരീക്ഷകന്‍ സലീം പള്ളിയില്‍ (ഇന്ത്യന്‍ സംസ്‌കാരവും ചരിത്രവും), എം. സാലി ആലുവ ന്യൂ ഏജ് (ഇന്ത്യയുടെ സ്ഥിരതയും സുരക്ഷയും) എന്നിവരാണ് സംവാദത്തില്‍ സംബന്ധിച്ചത്. ചീഫ് കോഓര്‍ഡിനേറ്റര്‍ ജലീല്‍ ആലപ്പുഴ നന്ദി പറഞ്ഞു.
മുജീബ് ചങ്ങരംകുളം, ഷമീര്‍ കുന്നുമ്മല്‍, ഹാരിസ് ചോല എന്നിവര്‍ നേതൃത്വം നല്‍കി.