ന്യൂദൽഹി- വയനാട്ടിൽ ജൂലൈ 30-ന് ഉണ്ടായ ഉരുൾപൊട്ടലിന്റെ സാറ്റൈലറ്റ് ദൃശ്യങ്ങൾ വിശകലനം ചെയ്ത് രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും 200-ലധികം കെട്ടിടങ്ങൾ പൂർണ്ണമായും ഒലിച്ചുപോയതായി സാറ്റലൈറ്റ് ചിത്രങ്ങൾ വിശകലനം ചെയ്ത് റോയിട്ടേഴ്സ് വ്യക്തമാക്കുന്നു.
ദുരന്തത്തിന് മുമ്പുള്ള ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയാണ് വിശകലനം. ദുരന്തത്തിന് മുമ്പുള്ള പ്രദേശത്തിന്റെ ഘടനയും ഓഗസ്റ്റ് 12ലെ സാറ്റലൈറ്റ് ചിത്രങ്ങളുമാണ് വിശകലനത്തിന് വിധേയമാക്കിയത്. ഉപഗ്രഹ സ്ഥാപനമായ പ്ലാനറ്റ് ലാബ്സിന്റെ ചിത്രങ്ങളുടെ താരതമ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് വിശകലനം.
ഉരുൾപൊട്ടൽ ഉറവിടത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ (3 മൈൽ) താഴേക്കുള്ള ജനവാസ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ വരുത്തി. ഏകദേശം ഒരു ചതുരശ്ര കിലോമീറ്റർ (247 ഏക്കർ) വിസ്തൃതിയിലാണ് ദുരന്തം കൂടുതൽ സംഭവിച്ചത്.
2024 ഏപ്രിൽ മുതൽ 2024 ഓഗസ്റ്റ് 12 വരെയുള്ള സാറ്റലൈറ്റ് ചിത്രങ്ങളുടെ താരതമ്യത്തിൽ 200-ലധികം കെട്ടിടങ്ങൾ ഒലിച്ചുപോയതായി വ്യക്തമാണ്. മണ്ണിടിച്ചിലിൽ 236 കെട്ടിടങ്ങൾ ഒലിച്ചുപോയതായും 400-ലധികം കെട്ടിടങ്ങൾ പൂർണമായോ ഭാഗികമായോ തകർന്നതായുമാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.
റോയിട്ടേഴ്സ് ആകാശ ചിത്രങ്ങൾ ഇവിടെ കാണാം
പ്രദേശത്ത് നിന്ന് മൺസൂൺ മേഘങ്ങൾ ഒഴിഞ്ഞുപോയ ശേഷമാണ് പ്ലാനറ്റ് ലാബ് വ്യക്തമായ ചിത്രം പകർത്തിയത്. ദുരന്തം ഏറ്റവും കൂടുതൽ നാശം വിതച്ച മുണ്ടക്കൈയിൽ നൂറു കണക്കിന് കുടുംബങ്ങളാണ് താമസിച്ചിരുന്നത്.