തബൂക്ക്: മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവ്വീസി(മാസ്സ് തബൂക്ക്) ന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷം ലോകകേരള സഭാംഗം ഫൈസൽ നിലമേൽ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ ദിനം ഓരോ ഇന്ത്യക്കാരനും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വയനാട്ടിലെ പ്രകൃതി ദുരന്തം നാടിനെയാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വയനാട്ടിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും നവോഥാന പുരോഗമന പ്രസ്ഥാനങ്ങളും മുന്നോട്ടുവച്ച മാനുഷികവും പുരോഗമനവുമായ മൂല്യങ്ങൾ ഉൾക്കൊണ്ടാണ് നമ്മുടെ രാഷ്ട്രസങ്കല്പം രൂപംകൊണ്ടത്. ലക്ഷ്യംവെച്ച നേട്ടങ്ങളിലേക്ക് പൂർണമായും എത്തിച്ചേരാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രത്തിന്റെ നിലനിൽപ്പായ നാനാത്വത്തിൽ ഏകത്വം തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.വൈവിധ്യങ്ങളെ തച്ചുടയ്ക്കാൻ ശ്രമിക്കുന്നു. നിർഭയമായി ഓരോ ഇന്ത്യക്കാരനും നാട്ടിൽ കഴിയാനുള്ള സാഹചര്യങ്ങൾ ഉണ്ടാവണം. ആ കരുത്തിൽ നിന്നുകൊണ്ട് കൂടുതൽ ആത്മസമർപ്പണത്തോടെ രാജ്യത്തിന് വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
മാത്യു തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളായ സ്നേഹ ലിസ സാബു, കൃപ സാറ സാബു, ക്രിസ്റ്റി ലിസ സാബു എന്നിവർ ദേശഭക്തി ഗാനം ആലപിച്ചു. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം ഉബൈസ് മുസ്തഫ അവതരിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം സാജിത ടീച്ചറും പ്രതിജ്ഞ ജീവൻ മാത്യു ഐസക്കും ചൊല്ലിക്കൊടുത്തു. ജോസ് സ്കറിയ, ജറീഷ് ജോൺ, ബിനുമോൻ ബേബി, അമീനത്ത് സാജിത് , യൂസഫ് ഷാ, പ്രിൻസ് ഫ്രാൻസിസ്, സലിം പരവൂർ, സാബു പാപ്പച്ചൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രവീൺ പുതിയാണ്ടി സ്വാഗതവും ചന്ദ്രശേഖര കുറുപ്പ് നന്ദിയും രേഖപ്പെടുത്തി.