ബെംഗളൂരു: ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിന്റെ കൂറ്റന്‍ സിക്‌സറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മൈസൂര്‍ വാരിയേഴ്‌സിന് വേണ്ടി കളിക്കുന്ന താരം ബംഗളൂരു ബ്ലാസ്‌റ്റേഴ്‌സിനെതിരേ പറത്തിയ കൂറ്റന്‍ സിക്‌സറാണ് ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ മഹാരാജ ട്വന്റി-20 ട്രോഫിയിലാണ് സമിത്തിന്റെ സിക്‌സര്‍.
നാലാം നമ്പറില്‍ ഇറങ്ങിയ സമിത് താന്‍ നേരിട്ട ആറാം പന്തിലാണ് സിക്‌സര്‍ പറത്തിയത്. പേസര്‍ നവീനെതിരേ ആയിരുന്നു ജൂനിയര്‍ ദ്രാവിഡിന്റെ സിക്‌സര്‍. നവീനെറിഞ്ഞ ഷോര്‍ട്ട് പിച്ച് പന്ത് കിടിലന്‍ ഷോട്ടിലൂടെ സമിത് സിക്‌സര്‍ പറത്തുകയായിരുന്നു.മുന്‍ ഇന്ത്യന്‍ കോച്ചും ഇതിഹാസ താരവുമായ ദ്രാവിഡിന്റെ അതേ ശൈലിയാണ് മകന്‍ സമിതിന്റെ ബാറ്റിങിനും. സിക്‌സര്‍ അടിച്ചെങ്കിലും താരത്തിന് രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് സമിത് സിക്സ് നേടിയത്.
സിക്‌സറിന് ശേഷമുള്ള പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി സമിത് പുറത്താവുകയായിരുന്നു. ഏഴ് പന്തില്‍ ഏഴ് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. മല്‍സരത്തില്‍ ബംഗളൂരു ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. ലീഗില്‍ ഷിമോഗ ലയണ്‍സിനെതിരെയും നാലാമനായി ക്രീസിലെത്തിയ താരം ഒമ്പത് പന്തില്‍ ഏഴ് റണ്‍സുമായി മടങ്ങിയിരുന്നു.
50000 രൂപക്കാണ് 18കാരനായ സമിത് കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പുകളായ മൈസൂരു വാരിയേഴ്‌സില്‍ എത്തിയത്. മീഡിയം പേസറും മധ്യനിര ബാറ്ററുമായ സമിത് കഴിഞ്ഞ സീസണില്‍ കൂച്ച് ബെഹാര്‍ ട്രോഫി നേടിയ കര്‍ണാടക അണ്ടര്‍ 19 ടീമിലും അംഗമാണ്. മുന്‍ ഇന്ത്യന്‍ താരം കരുണ്‍ നായരാണ് മൈസൂരു വാരിയേഴ്‌സിന്റെ ക്യാപ്റ്റന്‍. ഒരു ക്രിക്കറ്ററെന്ന നിലയില്‍ സമിത് ആദ്യമായി കളിക്കുന്ന പ്രധാനപ്പെട്ട ടൂര്‍ണമെന്റ് കൂടിയാണിത്.