ബംഗളൂരൂ: ഭൂമി ഇടപാടിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണറുടെ അനുമതി നൽകി. മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട (മുഡ) ഭൂമി കുംഭകോണ കേസിലാണ് ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകിയത്.
സാമൂഹിക പ്രവർത്തകർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നാണ് ആരോപണം. മലയാളിയായ ടി.ജെ അബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നിവരാണ് ഹർജി നൽകിയത്.
എന്നാൽ, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. ഗവർണർ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ സാഹചര്യത്തിൽ അദ്ദേഹം കോടതിയെ സമീപിക്കുമെന്നാണ് വിവരം.
മൈസൂർ അർബൺ ഡവലപ്‌മെന്റ് അഥോറിറ്റി(മുഡ)യുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂർ ഔട്ടർ റിങ് റോഡിലുള്ള കേസരയിൽ സ്ഥിതിചെയ്യുന്ന ഭൂമി ഈ പദ്ധതി പ്രകാരം ലേഔട്ട് വികസിപ്പിക്കാൻ മൈസൂർ നഗരവികസന അഥോറിറ്റിക്കു നൽകിയിരുന്നു. പകരം നൽകിയ ഭൂമി അവർക്ക് അർഹിക്കുന്നതിനേക്കാൾ അധികം മൂല്യമുള്ളതാണെന്നും ഭൂമി കൈമാറ്റത്തിൽ ക്രമക്കേടുണ്ടെന്നും ഇതുമൂലം നാലായിരം കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നുമാണ് ആരോപണം. ഭൂമി സംബന്ധിച്ച എല്ലാ കണക്കുകളും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സിദ്ധരാമയ്യ മറച്ചുവെച്ചെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി.