ജിദ്ദ – ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡുമായും ബാങ്ക് അക്കൗണ്ടുകളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെടുന്നവരുമായി പ്രതികരിക്കുന്നതിനെതിരെ ഉപയോക്താക്കള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ മുന്നറിയിപ്പ് നല്‍കി. ഇന്‍വെസ്റ്റ്‌മെന്റ് പോര്‍ട്ട്‌ഫോളിയോ അധികൃതരാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ ഫോൺ കോളുകള്‍ വിളിച്ച് ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തേടുന്നത്. ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറില്‍ വരുന്ന കണ്‍ഫര്‍മേഷന്‍ കോഡ് (ഒ.ടി.പി) കൈക്കലാക്കി ഇരകളുടെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയാണ് ഇത്തരം തട്ടിപ്പുകാരുടെ ലക്ഷ്യം.
ഇത്തരം കോളുകളുമായി ഒരിക്കലും പ്രതികരിക്കരുത്. യൂസര്‍നെയിമും പാസ്‌വേര്‍ഡും കണ്‍ഫര്‍മേഷന്‍ കോഡും ഒരാളുമായും ഒരു വകുപ്പുമായും സ്ഥാപനവുമായും പങ്കുവെക്കരുത്. സ്വകാര്യത സംരക്ഷിക്കാനും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് വിധേയരാകാതെ നോക്കാനും ഇത്തരം വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിര്‍ത്തണം. സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയോ അവ സന്ദര്‍ശിക്കുകയോ ചെയ്യരുതെന്നും അബ്ശിര്‍ ആവശ്യപ്പെട്ടു.