ജിദ്ദ- ഏകസിവിൽ കോഡും പൗരത്വ നിയമവും വഖഫ് ഭേദഗതിയുമെല്ലാം കേന്ദ്ര സർക്കാർ നിഗൂഢമായ ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതികളാണെന്നും ഇതിന്റെ ഇരകൾ മുസ്ലിം സമുദായം ആയിരിക്കുമെന്നും മുസ്ലിം ലീഗ് നേതാവും രാജ്യസഭാംഗവുമായ ഹാരിസ് ബീരാൻ. ജിദ്ദയിൽ കെ.എം.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 78 കൊല്ലം മുമ്പ് ഏകസിവിൽ കോഡ് നടപ്പാക്കാതിരിക്കാനുണ്ടായ അതേ കാരണം ഇപ്പോഴും രാജ്യത്ത് നിലവിലുണ്ട്. അതെല്ലാം കാറ്റിൽപ്പറത്തിയാണ് ഏകസിവിൽ കോഡുമായി സർക്കാർ മുന്നോട്ടുപോകുന്നത്. പൗരത്വ നിയമത്തിലും ഇതേ വിഷയമുണ്ട്. സ്വാതന്ത്ര്യം കിട്ടിയ വേളയിൽ മറ്റു രാജ്യങ്ങളിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും പൗരത്വം നൽകാമെന്ന വാദമുണ്ടായിരുന്നു. എന്നാൽ അംബേദ്കർ അടക്കമുള്ള നിയമവിശാരദൻമാർ ഇതിനെ ശക്തിയുക്തം എതിർക്കുകയായിരുന്നു.
ആർക്കും പൗരത്വം നൽകുന്നതിന് മുസ്ലിം ലീഗ് എതിരല്ല. അഭയാർത്ഥികൾ എന്നത് ഒരു ഗ്രൂപ്പാണ്. അവരെ മതത്തിന്റെ പേരിൽ വേർതിരിക്കരുത് എന്നാണ് മുസ്ലീം ലീഗിന്റെ കാഴ്ച്ചപ്പാട്. ഇതുസംബന്ധിച്ച് സുപ്രീം കോടതിയിൽ നൽകിയ പരാതിയിൽ ലീഗ് വ്യക്തമായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മുസ്ലിം അഭയാർത്ഥി എന്നോ ഹിന്ദു അഭയാർത്ഥി എന്നോ വ്യത്യാസമില്ല. ആറു മതങ്ങൾക്ക് മാത്രം അഭയാർത്ഥി പദവി നൽകുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം വിവേചനം നമ്മുടെ ചരിത്രത്തിൽ ആദ്യമായാണ്. ആരെയും വേർതിരിച്ച് കാണാൻ പാടില്ലെന്ന് ഭരണഘടനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഏകസിവിൽ കോഡും പൗരത്വനിയമവുമെല്ലാം ടെസ്റ്റ് ഡോസുകൾ മാത്രമാണ്. കോടതി ഇവയ്ക്ക് പച്ചക്കൊടി കാണിക്കുകയാണെങ്കിൽ വലിയ തലത്തിലേക്ക് പോകാൻ സാധ്യതയുണ്ട്. അതിൽ ഇരകളായി മാറുക മുസ്ലിം സമുദായമായിരിക്കുമെന്നും ഹാരിസ് ബീരാൻ പറഞ്ഞു.
കേന്ദ്ര സർക്കാർ പുതുതായി ആവിഷ്കരിച്ച വഖഫ് നിയമവും ഗൂഢമായ ലക്ഷ്യത്തോടെയാണ്. സമുദായത്തിന്റെ വസ്തുവകകളിൽ കടന്നുകയറാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഹാരിസ് ബീരാൻ പറഞ്ഞു.
കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. നാസർ എടവനക്കാട്, ഇസ്ഹാഖ് പൂണ്ടോളി, ഷൗക്കത്ത് ഞാറക്കോടൻ എന്നിവർ പ്രസംഗിച്ചു.