ജിദ്ദ – വ്യവസായ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി ഇളവ് പദ്ധതി നടപ്പാക്കിയതോടെ നാലു വര്‍ഷത്തിനിടെ വ്യവസായ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 43 ശതമാനം തോതില്‍ വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2019 അവസാനം മുതല്‍ ഈ വര്‍ഷം ആദ്യ പാദാവസാനം വരെയുള്ള കാലത്താണ് വിദേശ തൊഴിലാളികളുടെ എണ്ണം ഇത്രയും വര്‍ധിച്ചത്. ഇക്കാലയളവില്‍ സൗദി ജീവനക്കാരുടെ എണ്ണം 52 ശതമാനം തോതിലും വര്‍ധിച്ചു. ലെവി ഇളവ് പദ്ധതി വ്യവസായ മേഖലയില്‍ ശ്രദ്ധേയമായ നിലക്ക് നിക്ഷേപങ്ങള്‍ ഉയര്‍ത്തി. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വിദേശങ്ങളിലേക്കുള്ള ചരക്ക്, ഉല്‍പന്ന കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്തു.
നാലു വര്‍ഷത്തിനിടെ വ്യവസായ മേഖലയില്‍ ആകെ ജീവനക്കാരുടെ എണ്ണത്തില്‍ 4,63000 പേരുടെ വര്‍ധന രേഖപ്പെടുത്തി. ഇതില്‍ 1,63,500 പേര്‍ സ്വദേശികളും 2,99,500 പേര്‍ വിദേശികളുമാണ്. ഈ വര്‍ഷം ആദ്യ പാദാവസാനത്തോടെ വ്യവസായ മേഖലയിലെ വിദേശ തൊഴിലാളികള്‍ പത്തു ലക്ഷത്തോളമായി ഉയര്‍ന്നു.
2019 അവസാനത്തില്‍ വ്യവസായ മേഖലയില്‍ 6,98,122 വിദേശികളും 3,11,143 സ്വദേശി ജീവനക്കാരുമാണുണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യ പാദാവസാനത്തോടെ വിദേശ ജീവനക്കാര്‍ 9,97,671 ഉം സൗദി ജീവനക്കാര്‍ 4,74,676 ഉം ആയി ഉയര്‍ന്നു. സ്വകാര്യ മേഖലയിലെ ആകെ സ്വദേശി ജീവനക്കാരില്‍ 17.1 ശതമാനം വ്യവസായ മേഖലയിലാണ്. 2019 ല്‍ ഇത് 15.9 ശതമാനമായിരുന്നു. സ്വകാര്യ മേഖലയിലെ ആകെ വിദേശ തൊഴിലാളികളില്‍ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഇക്കാലയളവില്‍ 10.7 ശതമാനത്തില്‍ നിന്ന് 10.1 ശതമാനമായി കുറഞ്ഞു.
വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി ഇളവ് തീരുമാനം വ്യവസായ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചില്ല. സൗദിവല്‍ക്കരണ ശ്രമങ്ങളെ ബാധിക്കാത്ത നിലക്കാണ് ലെവി ഇളവ് പദ്ധതി നടപ്പാക്കുന്നത്. ആകെ തൊഴിലാളികളില്‍ സൗദി ജീവനക്കാരുടെ എണ്ണം കൂടുതലോ സ്വദേശി, വിദേശ തൊഴിലാളികളുടെ എണ്ണം തുല്യമോ ആകുന്ന വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവിയാണ് സര്‍ക്കാര്‍ വഹിക്കുന്നത്. സൗദി ജീവനക്കാരുടെ എണ്ണം വിദേശ തൊഴലാളികളെക്കാള്‍ കുറവായ സ്ഥാപനങ്ങള്‍ക്ക് സൗദി ജീവനക്കാരുടെ എണ്ണം ഉയര്‍ത്തിയാല്‍ മാത്രമേ ലെവി ഇളവ് പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂ.
ലെവി ഇളവ് പദ്ധതി നടപ്പാക്കിയ ശേഷം വ്യവസായ മേഖലയില്‍ സൗദിവല്‍ക്കരണ അനുപാതം 1.4 ശതമാനം തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യ പാദാവസാനത്തോടെ സൗദിവല്‍ക്കരണം 32.2 ശതമാനമായാണ് ഉയര്‍ന്നത്. 2019 അവസാനത്തില്‍ ഇത് 30.8 ശതമാനമായിരുന്നു.