റിയാദ്: സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസറിന്റെ പുതിയ സീസണിലെ ആദ്യ മല്‍സരം ഇന്ന്. സൗദി സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ മല്‍സരത്തിനായാണ് അല്‍ നസര്‍ ഇന്നിറങ്ങുക. ഇന്ന് രാത്രിയാണ് മല്‍സരം. എതിരാളികള്‍ അല്‍ താവൂണ്‍ ആണ്. പ്രീസീസണ്‍ മല്‍സരങ്ങളില്‍ പിന്നോട്ട് പോയ അല്‍ നസര്‍ സൂപ്പര്‍ കപ്പിലൂടെ തിരിച്ചുവരുമെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവധിക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. താരം ടീമിനൊപ്പം പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ ക്ലബ്ബ് പുറത്ത് വിട്ടിരുന്നു.
റൊണാള്‍ഡോയുടെ വരവോടെ ടീം കരുത്ത് നേടുമെന്നാണ് കോച്ചിന്റെ വ്യാഖ്യാനം.പുതിയ സീസണില്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കാന്‍ ഇന്ന് വിജയം അല്‍ നസറിന് അനിവാര്യമാണ്. റൊണാള്‍ഡോയും സംഘവും മികച്ച തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷവും ക്ലബ്ബിന് വേണ്ടത്ര മികവ് പ്രകടിപ്പിക്കാനായിരുന്നില്ല. ആ ദുഷ്‌പേര് മാറ്റാണ് റോണോയും കൂട്ടരും ഇന്നിറങ്ങുന്നത്. പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസിസ് സ്റ്റേഡിയത്തില്‍ രാത്രി 11.45നാണ് മല്‍സരം. മൂന്നാം സൂപ്പര്‍ കപ്പ് കിരീടം ലക്ഷ്യമിട്ടാണ് അല്‍ നസറിന്റെ ഇറക്കം. അല്‍ ഹിലാലാണ് നിലവിലെ സൂപ്പര്‍ കപ്പ് ജിതാക്കള്‍. അല്‍ ഇത്തിഹാദിനെ പരാജയപ്പെടുത്തിയാണ് അവര്‍ കഴിഞ്ഞ സീസണില്‍ കിരീടം നേടിയത്.
അല്‍ താവൂണിന്റെ പ്രധാന താരങ്ങളായ റഖാന്‍ അല്‍ തുലായഹി, മാത്യൂസ്, ആന്‍ഡ്രി ഗിറോട്ടോ, മുഹമ്മദ് മഹ്‌സറി എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് പുറത്താണ്. തലിസ്‌ക്കാ, ഒട്ടാവിയോ, മുഹമ്മദ് മാറന്‍, സമി അല്‍ നാജി എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് അല്‍ നസറിനായി ഇന്ന് ഇറങ്ങില്ല.