ജിദ്ദ – സൗദി മന്ത്രിസഭ അംഗീകരിച്ച പുതിയ നിക്ഷേപ നിയമം ലൈസന്‍സ് വ്യവസ്ഥ ഇല്ലാതാക്കുന്നതായി നിക്ഷേപ സഹമന്ത്രി ഇബ്രാഹിം ബിന്‍ യൂസുഫ് അല്‍മുബാറക് പറഞ്ഞു. പകരം നിക്ഷേപകര്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. നിക്ഷേപകര്‍ പുതുതായി ആരംഭിക്കുന്ന ഒരോ സ്ഥാപനത്തിനും പ്രത്യേകം പ്രത്യേകം ലൈസന്‍സ് നേടേണ്ടതില്ല. ഇത് രാജ്യത്ത് നിക്ഷേപം വേഗത്തിലാക്കും. സമീപ കാലത്ത് നടപ്പാക്കിയ നിയമ, സാമ്പത്തിക പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് നിക്ഷേപ നിയമം പരിഷ്‌കരിച്ചത്.
പുതിയ കമ്പനി നിയമം, സ്വാകര്യവല്‍ക്കരണ നിയമം, പാപ്പരത്വ നിയമം അടക്കം 800 ലേറെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സമീപ കാലത്ത് രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്. പ്രീമിയം ഇഖാമ നിയമം, നിക്ഷേപക വിസ അടക്കമുള്ള പദ്ധതികളും നടപ്പാക്കി, ഈ പരിഷ്‌കാരങ്ങള്‍ സൗദി അറേബ്യയുടെ മത്സരക്ഷമതയും നിക്ഷേപ ആകര്‍ഷണീയതയും ഉയര്‍ത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്രാദേശിക, വിദേശ നിക്ഷേപകരെ അഭിസംബോധന ചെയ്യുന്ന പുതിയ നിയമം നിലവിലെ നിയമത്തെ അപേക്ഷിച്ച് കൂടുതല്‍ സമഗ്രമാണ്. സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ബദല്‍ മാര്‍ഗങ്ങളെ പുതിയ നിയമം പ്രോത്സാഹിപ്പിക്കുന്നതായും നിക്ഷേപ സഹമന്ത്രി പറഞ്ഞു. സൗദി, വിദേശ നിക്ഷേപകര്‍ക്കിടയില്‍ സമത്വം ഉറപ്പാക്കുന്ന പുതിയ നിയമം അടുത്ത വര്‍ഷാദ്യം മുതല്‍ പ്രാബല്യത്തില്‍വരും. കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും സൗദി അറേബ്യയുടെ മത്സരക്ഷമത ഉയര്‍ത്താനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും മറ്റും പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നു.