ബംഗളൂരു- ലോകത്തുടനീളം നൂറു വയസ് പിന്നിടുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. 2000-ൽ, ലോകമെമ്പാടുമായി 151,000 പേരാണ് നൂറു വയസ് പിന്നിട്ടവരായി ഉണ്ടായിരുന്നത്. എന്നാൽ അത് 2021-ൽ 573,000 ആയി മൂന്നിരട്ടിയായി വർദ്ധിച്ചു. അതായത് ലോകത്തുടനീളം വയസ് കൂടിക്കൂടി വരുന്ന പ്രവണതയാണ്.
ദീർഘായുസിന് ജനിതക ഘടകങ്ങൾ ഒരു കാരണമാണെങ്കിലും ജീവിതശൈലി പരിഷ്കരിച്ചാൽ അറുപത് ശതമാനം പേർക്കും ദീർഘായുസ് ലഭിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. നൂറു വയസ് പിന്നിട്ടവർക്ക് പൊതുവേ വിട്ടുമാറാത്ത അസുഖങ്ങൾ കുറവാണ് എന്നതും ശ്രദ്ധേയമാണ്. ഇതുമായി ബന്ധപ്പെട്ട് 2000 മുതൽ 34 നിരീക്ഷണ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള നൂറു വയസ് പിന്നിട്ടവരിലും നൂറിനോട് അടുത്ത് പ്രായമുള്ളവരിലുമാണ് പഠനം നടത്തിയത്. ഇവരുടെ ഭക്ഷണക്രമത്തിൻ്റെയും മരുന്നുപയോഗത്തിൻ്റെയും രീതിയെ സംബന്ധിച്ച് നടത്തിയ പഠനത്തിൽ, ദീർഘായുസ്സിന് സഹായിക്കുന്ന നാല് പ്രധാന ശീലങ്ങൾ വിവരിച്ചിട്ടുണ്ട്.
അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
- സമീകൃതാഹാരം: നൂറു പിന്നിട്ടവരുടെ സാധാരണ ഭക്ഷണത്തിൽ മിതമായ പ്രോട്ടീനും കൊഴുപ്പുമാണ് അടങ്ങിയിരിക്കുന്നത്. പഴങ്ങൾ, പച്ചക്കറികൾ, കുറഞ്ഞ പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണം എന്നിവയാണ് ഇവർ കഴിക്കുക. മത്സ്യവും പയർവർഗ്ഗങ്ങളും ഭക്ഷണത്തിലുണ്ടാകും. ഭക്ഷണത്തിൽ കുറഞ്ഞ അളവിലായിരിക്കും ഉപ്പു ഉൾപ്പെടുത്തിയിട്ടുണ്ടാകുക.
- കുറഞ്ഞ മരുന്ന് ഉപയോഗം: നൂറു വയസിനിടെ ഇവർ ജീവിതത്തിൽ കുറഞ്ഞ അളവിൽ മാത്രമായിരിക്കും മരുന്ന് ഉപയോഗിച്ചിട്ടുണ്ടാകുക. മരുന്ന് ഉപയോഗത്തിൻ്റെ ഈ കുറഞ്ഞ നിരക്ക്, മൊത്തത്തിലുള്ള മെച്ചപ്പെട്ട ആരോഗ്യത്തിലേക്കുള്ള വഴികാട്ടി കൂടിയാണ്.
- നല്ല ഉറക്കം: നൂറു വയസു പിന്നിട്ട 68% ആളുകളും അവരുടെ ഉറക്കത്തിൽ ‘തൃപ്തരാണ്’. ഏഴ് മുതൽ എട്ട് മണിക്കൂർ വരെയാണ് അനുയോജ്യമായ ഉറക്കം. നല്ല ഉറക്ക ശുചിത്വം മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണെന്ന് വിവരിക്കപ്പെടുന്നു.
- ഗ്രാമീണ ജീവിതം: ശതാബ്ദി പ്രായമുള്ളവരിൽ 75% വും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്. അവരിൽ പലരും പ്രകൃതിയുമായി സമ്പർക്കം പുലർത്തുന്നവരാണ്. സമർദ്ദം കുറയുന്നത് വിട്ടുമാറാത്ത രോഗങ്ങളെ പടിക്കു പുറത്തുനിർത്തും.
ഇത്തരം രീതികൾ ഒരു വ്യക്തി 100 വയസ്സ് വരെ ജീവിക്കുമെന്ന് ഉറപ്പുനൽകുന്നില്ലെങ്കിലും, പൊതുവായി ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ദീർഘായുസ്സിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും ഏറെ ഉപകാരപ്പെടും.