ദമാം – വംശനാശ ഭീഷണി നേരിടുന്നവ അടക്കമുള്ള വന്യമൃഗങ്ങളെ കൈവശം വെക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത സൗദി പൗരനെ നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫുമായി സഹകരിച്ച് പരിസ്ഥിതി സുരക്ഷാ സേന കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് പിടികൂടി. ഇദ്ദേഹത്തിനെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. സൗദി പൗരന്റെ കേന്ദ്രത്തില്‍ നിന്ന് പിടികൂടിയ വന്യമൃഗങ്ങളെ പിന്നീട് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫിന് കൈമാറി.
സൗദിയില്‍ വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിന് പത്തു വര്‍ഷം വരെ തടവും മൂന്നു കോടി റിയാല്‍ വരെ പിഴയും ലഭിക്കും. പരിസ്ഥിതിക്കും വന്യജീവികള്‍ക്കുമെതിരായ കൈയേറ്റങ്ങളെ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ സേന ആവശ്യപ്പെട്ടു.