മക്ക: വിശുദ്ധ ഹറമിൽ വികലാംഗർക്ക് ആറു നമസ്‌കാര സ്ഥലങ്ങൾ നീക്കിവെച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. വികലാംഗർക്കും കാഴ്ച, കേൾവി പരിമിതികളുള്ളവർക്കും കിംഗ് ഫഹദ് വികസന ഭാഗത്താണ് പ്രത്യേക നമസ്‌കാര സ്ഥലങ്ങൾ നീക്കിവെച്ചിരിക്കുന്നത്.
തയമ്മും (വെള്ളമില്ലാതെ അംഗശുദ്ധി) ചെയ്യാൻ ആവശ്യമായ വസ്തുക്കൾ, വയോജനങ്ങൾക്കായി റീഡർ പെൻ ഉപയോഗിച്ച് പാരായണം ചെയ്യാൻ സാധിക്കുന്ന മുസ്ഹഫ്, അന്ധർക്കുള്ള പ്രത്യേക വടി, വീൽചെയറുകൾ, ഖുതുബകളും മതപഠന ക്ലാസുകളും ആംഗ്യഭാഷയിൽ വിവർത്തനം ചെയ്യുന്ന വിദഗ്ധർ, അമൂല്യമായ കൃതികൾ എന്നീ സപ്പോർട്ടിംഗ് സംവിധാനങ്ങളും സേവനങ്ങളും വികലാംഗർക്കുള്ള നമസ്‌കാര സ്ഥലങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
കിംഗ് ഫഹദ് വികസന ഭാഗത്ത് ഒന്നാം നിലയിൽ 91-ാം നമ്പർ ഗെയ്റ്റിന് എതിർവശത്തും അൽശുബൈക പാലത്തിന് (68ാം നമ്പർ ഗെയ്റ്റ്്) എതിർവശത്തും അടിയിലെ നിലയിൽ 68-ാം നമ്പർ ഗെയ്റ്റിൽ അൽശുബൈക ഗോവണിക്കു സമീപവുമാണ് വികലാംഗരായ പുരുഷന്മാർക്കുള്ള പ്രത്യേക നമസ്‌കാര സ്ഥലങ്ങളുള്ളത്. അടിയിലെ നിലയിൽ 88-ാം നമ്പർ കവാടത്തിനു സമീപവും ഒന്നാം നിലയിൽ 65-ാം നമ്പർ ഗെയ്റ്റിനു സമീപവും മതാഫിന് അഭിമുഖമായ 15-ാം നമ്പർ നമസ്‌കാര സ്ഥലവുമാണ് വികലാംഗരായ സ്ത്രീകൾക്കായി പ്രത്യേകം നീക്കിവെച്ചിരിക്കുന്നത്.
വീൽചെയറുകൾ ഉപയോഗിച്ച് എളുപ്പത്തിൽ പ്രത്യേക നമസ്‌കാര സ്ഥലങ്ങളിൽ പ്രവേശിക്കാനും ഇവിടെ നിന്ന് പുറത്തിറങ്ങാനും റാമ്പുകൾ ഒരുക്കിയിട്ടുണ്ട്. വീൽചെയറുകളിലുള്ള വികലാംഗരുടെ നീക്കങ്ങൾ എളുപ്പമാക്കുന്നതിന് വ്യക്തമായ ചിഹ്നങ്ങളും അടയാളങ്ങളും കൊണ്ട് സജ്ജീകരിച്ച പ്രത്യേക പാതകളും സൈൻബോർഡുകളുമുണ്ട്. വികലാംഗർക്ക് എവിടെയാണ് പ്രത്യേക സേവനങ്ങൾ ലഭിക്കുകയെന്ന് വ്യക്തമാക്കുന്ന ട്രാക്കുകളും അവർക്ക് സേവനങ്ങൾ നൽകുന്നതിന് സൗജന്യ ഇലക്ട്രിക് കാർട്ടുകളും വീൽചെയറുകളുമുണ്ട്.