ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തകഴിയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ മൃതദേഹം കണ്ടെത്തി. കൊല്ലനാടി പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയാണ് നാലുദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കാണിച്ച് തന്നതെന്ന് തെളിവെടുപ്പിനിടെ പോലീസ് പ്രതികരിച്ചു.
തെക്കേ ബണ്ടിന് സമീപം കുഴിച്ചിട്ട നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പെൺകുട്ടി നിരീക്ഷണത്തിലാണെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതാണോയെന്ന് പരിശോധനകൾക്ക് ശേഷമേ പറയാൻ കഴിയൂവെന്നും എസ്.പി ഛൈത്ര തെരേസ ജോൺ പറഞ്ഞു.
അതിനിടെ, നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. ആലപ്പുഴ പൂച്ചാക്കൽ സ്വദേശിനിയായ അവിവാഹിതയായ 22-കാരിയാണ് കുഞ്ഞിന്റെ അമ്മ. കാമുകൻ തകഴി വിരിപ്പാല രണ്ട് പാറയിൽ തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് ആലപ്പുഴ തകഴി കുന്നുമ്മ ഭവനത്തിൽ അശോക് ജോസഫ് (23) എന്നിവരാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയത്.
കഴിഞ്ഞ ഏഴിന് പുലർച്ചെ വീട്ടിൽവച്ചായിരുന്നു യുവതിയുടെ പ്രസവം. തുടർന്ന് കുഞ്ഞിനെ വീടിന്റെ സൺഷേഡിൽ ഒളിപ്പിച്ചു. ശേഷം കുഞ്ഞിനെ കാമുകനെ ഏൽപ്പിക്കുകയായിരുന്നുവത്രെ. അടുത്ത ദിവസം ബ്ലീഡിംഗ് ഉണ്ടായതിനെത്തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
എന്താണ് സംഭവിച്ചതെന്ന് ഡോക്ടർ ചോദിച്ചപ്പോൾ പ്രസവിച്ച കാര്യം പറഞ്ഞു. കുഞ്ഞ് അമ്മത്തൊട്ടിലിലാണെന്നും പറഞ്ഞു. കൂടുതൽ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ മറുപടിയുണ്ടായതിൽ സംശയം തോന്നി ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ കുഴിച്ചിടാമെന്ന് നിർദേശിച്ചത് ആൺസുഹൃത്താണെന്നും യുവതിയുടെ മൊഴിയിലുണ്ട്.