കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വയനാട്ടില്‍. മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്ത് ജൂലൈ 30നുഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇന്ദിരാഗാന്ധിക്കുശേഷം വയനാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1980ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുന്നതിനാണ് ഇന്ദിരാഗാന്ധി ബത്തേരിയില്‍ എത്തിയത്.
ഉച്ചയോടെ കണ്ണൂരില്‍നിന്നു ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളിലെ താത്കാലിക ഹെലിപാഡിലാണ് ഇറങ്ങുക. ഇവിടെനിന്നു കാര്‍മാര്‍ഗം ചൂരല്‍മലയിലെത്തും. ദുരന്ത മേഖലയില്‍ വ്യോമനിരീക്ഷണം നടത്തും.
ചൂരല്‍മലയിലെ ബെയ്‌ലി പാലത്തില്‍ സൈനികരുമായി സംസാരിക്കും. തുടര്‍ന്ന് മേപ്പാടി അരപ്പറ്റയിലെ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍, ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരെ സന്ദര്‍ശിക്കും. അരപ്പറ്റയില്‍നിന്നു മേപ്പാടിയിലെത്തുന്ന പ്രധാനമന്ത്രി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചശേഷം കളക്ടറേറ്റില്‍ യോഗത്തില്‍ പങ്കെടുക്കും. 3.45 ഓടെ തിരികെ പോകും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കല്‍പ്പറ്റയിലും മേപ്പാടിയിലും ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉരള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നാളെ ഉണ്ടാകില്ല. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹന പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. ഈ ടൗണുകളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്കുമാത്രമാണ് നാളെ രാവിലെ 10 മുതല്‍ പ്രധാനമന്ത്രി തിരികെ പോകുന്നതുവരെ പ്രവേശനാനുമതി.
പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ആശുപത്രിയിലും ദുരിതാശ്വാസ ക്യാമ്പിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ഭാഗത്തുനിന്നു വയനാട്ടിലേക്കും തിരിച്ചുമുള്ള ബസ് ഉള്‍പ്പെടെ വാഹനങ്ങള്‍ കല്‍പ്പറ്റ നഗരം ഒഴിവാക്കിയാണ് ഓടുക. വടുവന്‍ചാലില്‍നിന്നു മേപ്പാടി വഴി കല്‍പ്പറ്റയ്ക്കും നേരിട്ടുള്ള വാഹന ഗതാഗതത്തിനു അനുമതിയില്ല. പോലീസ് ഇന്നലെ കല്‍പ്പറ്റയില്‍ ഉള്‍പ്പെടെ വാഹനങ്ങളുടെ ട്രയല്‍ ഓട്ടം നടത്തി. ഹെലികോപ്റ്ററുകള്‍ ട്രയലിന്റെ ഭാഗമായി പറന്നു.
പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ഇടങ്ങളില്‍ ദുരദര്‍ശന്‍, എഎന്‍ഐ, പിടിഐ ഡല്‍ഹി യൂണിറ്റുകളില്‍നിന്നുള്ളത് ഒഴികെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റ സമരപ്പന്തല്‍ പോലീസ് മറച്ചു
കല്‍പ്പറ്റ: പ്രധാനമന്ത്രി നാളെ നടത്തുന്ന വയനാട് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കളക്ടറേറ്റ് പടിക്കലെ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂസമരപ്പന്തല്‍ പോലീസ് മറച്ചു. കളക്ടറേറ്റിലെത്തുന്ന പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടാത്തവിധമാണ് പന്തല്‍ പൈപ്പും തുണിയും മറ്റും ഉപയോഗിച്ച് ഇന്നു വൈകുന്നേരം മറച്ചത്. സമരപ്പന്തല്‍ പൊളിച്ചുമാറ്റാനായിരുന്നു പോലീസ് പദ്ധതി. ഉന്നതതല കൂടിയാലോചനയ്ക്കുശേഷമാണ് മറച്ചാല്‍ മതിയെന്ന തീരുമാനത്തിലെത്തിയത്.
2015 ഓഗസ്റ്റു മുതല്‍ കളക്ടറേറ്റ് കവാടത്തിനരികില്‍ ഉള്ളതാണ് സമരപ്പന്തല്‍. അടിയന്തരാവസ്ഥക്കാലത്ത് വനം വകുപ്പ് പിടിച്ചെടുക്കുകയും പിന്നീട് വിജ്ഞാപനം ചെയ്യുകയും ചെയ്ത 12 ഏക്കര്‍ കൃഷിഭൂമി തിരികെ ആവശ്യപ്പെട്ടാണ് കാഞ്ഞിരത്തിനാല്‍ കുടുംബം കളക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുഖേന നടത്തിയ അന്വേഷണത്തിലും നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റിയുടെ പരിശോധനയിലും ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അര്‍ഹതപ്പെട്ടതാണെന്നു കണ്ടെത്തിയിരുന്നു. വനം വകുപ്പിനു പറ്റിയ പിശകാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിനുണ്ടായ ദുരനുഭവങ്ങള്‍ക്ക് കാരണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വ്യക്തമാക്കിയതാണ്. എന്നിട്ടും ഭൂമി തിരികെ നല്‍കുന്നതിനു സര്‍ക്കാര്‍തലത്തില്‍ നടപടി വൈകുകയാണ്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് സമരപ്പന്തല്‍ മറച്ചതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ സമരപ്പന്തല്‍ പ്രധാനമന്ത്രി കണ്ടാലുണ്ടാകുന്ന നാണക്കേടോര്‍ത്ത് സര്‍ക്കാര്‍ നിര്‍ദേശാനുസരണമാണ് പന്തല്‍ മറച്ചതെന്നു കാഞ്ഞിരത്തിനാല്‍ കുടുംബാംഗം ജയിംസ് ആരോപിച്ചു.