ന്യൂദൽഹി: കാമ്പസിൽ പർദയും ഹിജാബും ധരിക്കുന്നതിൽനിന്ന് വിദ്യാർത്ഥിനികളെ വിലക്കിയ മുംബൈയിലെ കോളേജിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സ്ത്രീകളോട് അവർ എന്ത് ധരിക്കണമെന്ന് പറഞ്ഞാണ് നിങ്ങൾ അവരെ ശാക്തീകരിക്കുന്നതെന്ന ചോദിച്ച സുപ്രീം കോടതി സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷങ്ങൾക്ക് ശേഷവും ഇത്തരം നിരോധനങ്ങൾ ഏർപ്പെടുത്തുന്നത് ദൗർഭാഗ്യകരമാണെന്നും വ്യക്തമാക്കി.
ബുർഖ, ഹിജാബ്, നിഖാബ്, തൊപ്പികൾ, സ്‌റ്റോൾസ്, ബാഡ്ജുകൾ എന്നിവ നിരോധിച്ചതിനെതിരെ ഒമ്പത് പെൺകുട്ടികൾ സമർപ്പിച്ച ഹർജി വെള്ളിയാഴ്ചയാണ് സുപ്രീം കോടതി പരിഗണിച്ചത്. മുംബൈ ചെമ്പൂരിലെ എൻജി ആചാര്യ ആന്റ് ഡികെ മറാത്തേ കോളേജിലാണ് നിരോധനം ഏർപ്പെടുത്തിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വിധി ഭാഗികമായി സ്റ്റേ ചെയ്തു. ഹിജാബുകൾ, തൊപ്പികൾ, ബാഡ്ജുകൾ എന്നിവ അനുവദിക്കുമെന്നും ഓർഡർ ദുരുപയോഗം ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഉത്തരവിൽ വ്യക്തമാക്കി.
ഹരജിക്കാർക്ക് ഹിജാബും ബുർഖയും ധരിക്കാൻ അനുമതി നൽകിയാൽ മറ്റ് വിദ്യാർഥികൾ കാവി ഷാൾ ധരിച്ച് രാഷ്‌ട്രീയം ബോധിപ്പിക്കാൻ വരുമെന്നും അത് സംഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കോളജിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മാധവി ദിവാൻ പറഞ്ഞു. ഇതിനോട് തിലകം ധരിക്കുന്ന പെൺകുട്ടികളെ വിലക്കുമോ എന്നായിരുന്നു സുപ്രീം കോടതിയുടെ മറുചോദ്യം.
കോളേജിൽ 441 വിദ്യാർത്ഥികളുണ്ടെന്നും ഒരു പെൺകുട്ടി പർദ്ദയോ വസ്ത്രമോ ധരിക്കുന്നത് അവൾക്കും മറ്റ് വിദ്യാർത്ഥികൾക്കും ഇടയിൽ തടസ്സം സൃഷ്ടിക്കുമെന്നും കോളേജിൻ്റെ അഭിഭാഷകൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് കോളേജിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബുകളോ ബുർഖകളോ അഴിച്ച് വസ്ത്രം മാറാനുള്ള മുറികൾ ക്രമീകരിച്ചിട്ടുണ്ടെന്നും കോളേജ് ചൂണ്ടിക്കാട്ടി.
എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. നിങ്ങൾ പറയുന്നത് ശരിയായിരിക്കാം. പക്ഷേ, ഇത്തരം പശ്ചാതലത്തിൽനിന്ന് വരുന്ന പെൺകുട്ടികൾ അത്തരം വസ്ത്രമേ ധരിക്കൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാവരും ഒരുമിച്ച് പഠിക്കണം- കോടതി പറഞ്ഞു.
എന്താണ് ധരിക്കേണ്ടതെന്ന് പറഞ്ഞ് നിങ്ങൾ എങ്ങനെ സ്ത്രീകളെ ശാക്തീകരിക്കും. പെൺകുട്ടികൾ ധരിക്കാൻ ആഗ്രഹിക്കുന്നത് അവർക്ക് വിട്ടുകൊടുക്കണം. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷങ്ങൾക്ക് ശേഷവും ഇത്തരം നിയന്ത്രണം ഏർപ്പെടുത്തുന്നത് ദൗർഭാഗ്യകരമാണ്.
വിദ്യാർത്ഥികളുടെ മതം വെളിപ്പെടുത്താതിരിക്കാൻ കൂടിയാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് കോളേജ് വാദിച്ചപ്പോൾ, മതം പേരുകളിലൂടെയും വെളിപ്പെടുന്നുണ്ടെന്ന് കോടതി പരാമർശിച്ചു. ബോംബെ ഹൈക്കോടതി ഹരജി തള്ളിയതിനെ തുടർന്നാണ് പെൺകുട്ടികൾ സുപ്രീം കോടതിയെ സമീപിച്ചത്.