കൽപ്പറ്റ- വയനാട് ജില്ലയിലെ ചില ഭാഗങ്ങളിൽനിന്ന് ഭൂമിക്കടിയിൽനിന്ന് അസാധാരണ ശബ്ദം കേട്ടതായി പ്രദേശവാസികൾ. അതേസമയം, ഭയപ്പെടാൻ നിലവിൽ ഒന്നുമില്ലെന്നും ഭൂകമ്പസാധ്യതയില്ലെന്നും അധികൃതർ അറിയിച്ചു. അമ്പലവയൽ, മുണ്ടാക്കൈ, എടക്കൽ, പടിപ്പറമ്പ്, മേപ്പാടി എന്നീ സ്ഥലങ്ങളിൽനിന്നെല്ലാം ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.
ദുരന്തനിവാരണ സമിതി ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചു. ഈ മേഖലയിൽനിന്ന് ആളുകളെ മാറ്റാൻ നിർദ്ദേശിച്ചു. പ്രദേശത്തെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നൂറു കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് (ഓഗസ്റ്റ് 9-വെള്ളിയാഴ്ച) രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി. അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.