ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും അസാന്നിധ്യത്തില്‍ സൗദി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷം വഹിച്ചേക്കാവുന്ന അബ്ദുല്‍ അസീസ് രാജാവിന്റെ പൗത്രന്മാരുടെ പേരുവിവരങ്ങളും പ്രായവും അടങ്ങിയ പട്ടിക പ്രസിദ്ധീകരിച്ചു. പ്രായക്കൂടുതലനുസരിച്ച ഓര്‍ഡറില്‍ അല്‍ഇഖ്ബാരിയ ചാനലാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
ഏറ്റവും പ്രായംകൂടിയ രാജകുമാരന്‍ സഹമന്ത്രി മന്‍സൂര്‍ ബിന്‍ മിത്അബ് ആണ്. മന്‍സൂര്‍ രാജകുമാരന് 72 വയസ് ആണ് പ്രായം. ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ (64 വയസ്), സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍ (45 വയസ്), സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ (41 വയസ്), ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ (41 വയസ്), നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ (38 വയസ്), പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ (36 വയസ്) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
രാജാവിന്റെയും കിരീടാവകാശിയുടെയും അസാന്നിധ്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷ സ്ഥാനം വഹിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ക്രമീകരണം അംഗീകരിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിറക്കിയിട്ടുണ്ട്. ഇതുപ്രകാരം സല്‍മാന്‍ രാജാവും, പ്രധാനമന്ത്രി കൂടിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സംബന്ധിക്കാത്ത മന്ത്രിസഭാ യോഗത്തില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പൗത്രന്മാരില്‍ പെട്ട, മന്ത്രിസഭാ യോഗത്തില്‍ സംബന്ധിക്കുന്ന ഏറ്റവും പ്രായം കൂടിയ രാജകുമാരന്‍ യോഗത്തില്‍ അധ്യക്ഷം വഹിക്കണമെന്നും മന്ത്രിസഭാ തീരുമാനങ്ങളില്‍ യോഗത്തില്‍ അധ്യക്ഷം വഹിക്കുന്ന രാജകുമാരന്‍ ഒപ്പുവെക്കണമെന്നും രാജകല്‍പന പറഞ്ഞു.