ജിദ്ദ – ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സ ഖതീബ് ശൈഖ് ഇക്‌രിമ സ്വബ്‌രി മസ്ജിദില്‍ അഖ്‌സയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഇസ്രായില്‍ പോലീസ് ആറു മാസത്തേക്ക് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച ഇക്‌രിമ സ്വബ്‌രിയെ ഇസ്രായില്‍ സുരക്ഷാ വകുപ്പുകള്‍ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ആറു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കു ശേഷമാണ് ഇദ്ദേഹത്തെ ഇസ്രായില്‍ പോലീസ് വിട്ടയച്ചത്. മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആറു മാസത്തേക്ക് വിലക്കുന്ന തീരുമാനം ഇന്നലെയാണ് ഇസ്രായില്‍ അധികൃതര്‍ പ്രഖ്യാപിച്ചതെന്ന് ശൈഖ് ഇക്‌രിമ സ്വബ്‌രിയുടെ അഭിഭാഷകന്‍ ഖാലിദ് സബാരിഖ പറഞ്ഞു.
ജൂലൈ 31 ന് തെഹ്‌റാനില്‍ വെച്ച് വധിക്കപ്പെട്ട ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയുടെ വിയോഗത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ജുമുഅ ഖുതുബയില്‍ വിലപിച്ചതാണ് ശൈഖ് ഇക്‌രിമ സ്വബ്‌രിയുടെ അറസ്റ്റിലേക്കും വിലക്കിലേക്കും നയിച്ചത്. തീവ്രവാദികളായ ജൂതന്മാര്‍ ശൈഖ് ഇക്‌രിമ സ്വബ്‌രിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ശക്തവും പ്രകോപനപരവുമായ പ്രചാരണങ്ങള്‍ക്കു പിന്നാലെയാണ് ഇദ്ദേഹം മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നത് ആറു മാസത്തേക്ക് വിലക്കാന്‍ ഇസ്രായില്‍ പോലീസ് തീരുമാനിച്ചത്.
ഇസ്രായില്‍ നിയമം അനുസരിച്ച് ശൈഖ് ഇക്‌രിമ സ്വബ്‌രിയുടെ വാക്കുകള്‍ നിയമ ലംഘനമല്ലെന്ന് അഭിഭാഷകന്‍ ഖാലിദ് സബാരിഖ പറഞ്ഞു. ശൈഖ് ഇക്‌രിമ സ്വബ്‌രിയുടെ നിലവാരമുള്ള ഒരാള്‍ ഫലസ്തീന്‍ സ്‌പെക്ട്രത്തിന്റെ ഭാഗമായ ഫലസ്തീന്‍ നേതാവിന്റെ വിയോഗത്തില്‍ വിലപിക്കുന്നത് സ്വാഭാവികമാണെന്നും അഭിഭാഷകന്‍ ഖാലിദ് സബാരിഖ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅക്കിടെ രണ്ടാമത്തെ ഖുതുബയിലാണ് ഇസ്മായില്‍ ഹനിയ്യയുടെ വിയോഗത്തില്‍ ശൈഖ് ഇക്‌രിമ സ്വബ്‌രി വിലപിക്കുകയും അനുശോചിക്കുകയും ചെയ്തത്. ഇസ്മായില്‍ ഹനിയ്യക്കു വേണ്ടി അദ്ദേഹം പ്രാര്‍ഥിക്കുകയും ചെയ്തു. ഇസ്മായില്‍ ഹനിയ്യക്കും ഇസ്രായില്‍ ആക്രമണങ്ങളില്‍ വീരമൃത്യുവരിച്ച മറ്റുള്ളവര്‍ക്കു വേണ്ടിയും മസ്ജിദുല്‍ അഖ്‌സയില്‍ മയ്യിത്ത് നമസ്‌കാരം നടത്തുമെന്നും വിശ്വാസികളുടെ തക്ബീര്‍ ധ്വനികള്‍ക്കിടെ ശൈഖ് ഇക്‌രിമ സ്വബ്‌രി അറിയിച്ചിരുന്നു.