കൊൽക്കത്ത: മുതിർന്ന ഇടതുപക്ഷ നേതാവും മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. ഇന്ന് രാവിലെ ദക്ഷിണ കൊൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. കുറച്ചുകാലമായി അസുഖം ബാധിച്ച് വിശ്രമത്തിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ വർഷം ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട ഭട്ടാചാര്യ പിന്നീട് അത്ഭുതകരമായ തിരിച്ചുവരവ് നടത്തി. ഭാര്യ മീര. മകൻ സുചേതൻ.
2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. സിപിഎമ്മിൻ്റെ ഉന്നത തീരുമാനങ്ങൾ എടുക്കുന്ന പൊളിറ്റ് ബ്യൂറോയിലെ മുൻ അംഗം കൂടിയായ ഭട്ടാചാര്യ, ജ്യോതിബസുവിൻ്റെ പിൻഗാമിയായാണ് മുഖ്യമന്ത്രിയായത്. ബംഗാളിൽ 34 വർഷത്തെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്ര വിജയം നേടിയ 2011 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ഭട്ടാചാര്യ സിപിഎമ്മിനെ നയിച്ചു.
കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ഭട്ടാചാര്യ മുഴുവൻ സമയ രാഷ്ട്രീയത്തിൽ ചേരുന്നതിന് മുമ്പ് സ്കൂൾ അധ്യാപകനായിരുന്നു. 1966-ൽ സംസ്ഥാന ആഭ്യന്തര മന്ത്രിയായ അദ്ദേഹം 1977-ൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മന്ത്രിയായി. 1999-ൽ ഉപ മുഖ്യമന്ത്രിയായതിനു പിന്നാലെ 2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിപദവും അലങ്കരിക്കുകയുണ്ടായി. 1944 മാർച്ച് ഒന്നിന് വടക്കൻ കൊൽക്കത്തയിലാണ് ജനനം. 1966-ൽ സി.പി.എമ്മിൽ പ്രാഥമിക അംഗമായി. 1968-ൽ പശ്ചിമ ബംഗാൾ ഡെമോക്രാറ്റിക്ക് യൂത്ത് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായി. 71-ൽ സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും 82-ൽ സെക്രട്ടേറിയറ്റ് അംഗവുമായി. 1984-ൽ പാർട്ടി കേന്ദ്രകമ്മറ്റിയിലെ സ്ഥിരം ക്ഷണിതാവായി. 1985-ൽ കേന്ദ്രകമ്മറ്റി അംഗമായി. 2000 മുതൽ പൊളിറ്റ് ബ്യൂറോ അംഗമാണ്.
മുഖ്യമന്ത്രിയെന്ന നിലയിൽ, 2001-ലും 2006-ലും അദ്ദേഹം സി.പി.എമ്മിനെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിലേക്ക് നയിച്ചു. ഭട്ടാചാര്യയുടെ കാലത്ത് ഇടതുമുന്നണി സർക്കാർ ജ്യോതിബസു ഭരണത്തെ അപേക്ഷിച്ച് ബിസിനസിന് താരതമ്യേന തുറന്ന നയമാണ് സ്വീകരിച്ചത്. ഈ നയവും വ്യവസായവൽക്കരണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലുകളുമാണ് 2011ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ അമ്പരപ്പിക്കുന്ന പരാജയത്തിന് വഴിയൊരുക്കിയത്.
2006-ലെ തിരഞ്ഞെടുപ്പിൽ വെറും 30 സീറ്റുകൾ നേടിയ തൃണമൂൽ കോൺഗ്രസ് സിംഗൂരിലെ ടാറ്റ മോട്ടോഴ്‌സ് പ്ലാൻ്റിനെതിരായ മുന്നേറ്റത്തിന് നേതൃത്വം നൽകി. ഒടുവിൽ, 2008-ൽ, പദ്ധതി ഗുജറാത്തിലേക്ക് മാറ്റാൻ രത്തൻ ടാറ്റ തീരുമാനിച്ചു. ഇത് ഭട്ടാചാര്യ സർക്കാരിന് വലിയ തിരിച്ചടിയായി. ഒരു കെമിക്കൽ ഹബ് പദ്ധതിക്ക് വേണ്ടി നന്ദിഗ്രാമിലെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധിച്ച സംഘത്തിനെതിരായ പോലീസ് നടപടി 14 പേരുടെ മരണത്തിലേക്ക് നയിച്ചു. 2011ലെ തിരഞ്ഞെടുപ്പിൽ 184 സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തി.
ഭട്ടാചാര്യയുമായി തനിക്ക് പതിറ്റാണ്ടുകളുടെ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ബാനർജി അനുശോചന സന്ദേശത്തിൽ പറഞ്ഞു. “ഞാൻ വളരെ അസ്വസ്ഥയാണ്. മീരാ ദിയോടും സുചേതനോടും സിപിഎമ്മിനെ പിന്തുണയ്ക്കുന്ന എല്ലാവരോടും എൻ്റെ അനുശോചനം അറിയിക്കുന്നുവെന്നും മമത പറഞ്ഞു.