പാരീസ്- ശരീരഭാരം നൂറു ഗ്രാം കൂടിയതിനെ തുടർന്ന് സ്ത്രീകളുടെ 50 കിലോഗ്രാം ഗുസ്തി ഫൈനലിൽനിന്ന് പുറത്തായ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൈനലിന് മുന്നോടിയായി നടത്തിയ ഭാരപരിശോധനയിൽ 100 ഗ്രാം ഭാരം അധികമായതിനെ തുടർന്ന് ഫോഗട്ടിനെ ഫൈനലിൽനിന്ന് അയോഗ്യയാക്കിയിരുന്നു. സ്വർണത്തിന് അടുത്തെത്തിയ ശേഷമാണ് നിർഭാഗ്യകരമായ പുറത്താകൽ.
ഭാരം കുറക്കുന്നതിന് വേണ്ടി ഭക്ഷണം ഒഴിവാക്കിയതും ആവശ്യത്തിന് വെള്ളം കുടിക്കാത്തതും കാരണം നിർജലീകരണം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിനേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒളിംപിക്സ് വില്ലേജിലെ പോളിക്ലിനിക്കിലാണ് വിനേഷ്.
ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തിൽ സ്വർണമെഡൽ പോരാട്ടത്തിനെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമായി വിനേഷ് ചരിത്രമെഴുതിയിരുന്നു. ഒരു വെള്ളിമെഡലെങ്കിലും ഉറപ്പായിരുന്നുവെങ്കിലും അയോഗ്യതയെ തുടർന്ന് ഇനി വെറുംകൈയോടെയാണ് മടങ്ങുന്നത്.
ഒളിംപിക്സ് കമ്മിറ്റിയുടെ തീരുമാനത്തിന് എതിരെ ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അപ്പീൽ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇടപെട്ടു. അപ്പീൽ നൽകാനുള്ള എല്ലാ സാധ്യതകളും തേടണമെന്ന് മോഡി ഒളിംപിക്സ് അസോസിയേഷനോട് അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ അപ്പീൽ നൽകിയാലും തീരുമാനം പുനപരിശോധിക്കാനുള്ള സാധ്യതയില്ല.