ജിദ്ദ – കഴിഞ്ഞയാഴ്ച തെഹ്‌റാനില്‍ വെച്ച് ഇസ്രായില്‍ കൊലപ്പെടുത്തിയ ഹമാസ് പൊളിറ്റിക്കല്‍ ഓഫീസ് മേധാവി ഇസ്മായില്‍ ഹനിയ്യയുടെ പിന്‍ഗാമിയായി ഒക്‌ടോബര്‍ ഏഴ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ യഹ്‌യ അല്‍സിന്‍വാറിനെ ഹമാസ് തെരഞ്ഞെടുത്തു. ഹനിയ്യ വധിക്കപ്പെട്ടതോടെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ പുതിയ തലവനെ തെരഞ്ഞെടുക്കാന്‍ വിപുലമായ കൂടിയാലോചനകള്‍ നടത്തുകയാണെന്ന് ശനിയാഴ്ച ഹമാസ് അറിയിച്ചിരുന്നു. ഒക്‌ടോബര്‍ ഏഴിന് നടന്ന മനുഷ്യ ചരിത്രത്തിലെ ഏറ്റവും മോശമായ ഭീകരതക്ക് ഉത്തരവാദിയായ ഒരു തീവ്രവാദിയാണ് യഹ്‌യ അല്‍സിന്‍വാര്‍ എന്ന് ഇസ്രായില്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.
സിന്‍വാറിന് ഒരേയൊരു സ്ഥലമേയുള്ളൂ, അത് മുഹമ്മദ് അല്‍ദീഫിന്റെയും ഒക്‌ടോബര്‍ ഏഴ് ആക്രമണത്തിന് ഉത്തരവാദികളായ എല്ലാ തീവ്രവാദികളുടെയും അടുത്താണ്. യഹ്‌യ അല്‍സിന്‍വാറിന് ഞങ്ങള്‍ ക്രമീകരിക്കുന്ന ഒരേയൊരു സ്ഥലമാണിത് – ഇസ്രായില്‍ സൈനിക വക്താവ് പറഞ്ഞു.വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാന തീരുമാനമെടുക്കുന്നയാളാണ് യഹ്‌യ അല്‍സിന്‍വാറെന്ന് അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. അതിനാല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുമായി മുന്നോട്ടു പോകണമോ എന്ന് അദ്ദേഹം ശരിക്കും തീരുമാനിക്കേണ്ടതുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ നിരവധി ഫലസ്തീനികളെ സഹായിക്കും. മേഖലയിലെ സമീപകാല സംഭവികാസങ്ങള്‍ക്കിടയിലും വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തി. അവ വളരെ വേഗം ഫിനിഷിംഗ് ലൈനില്‍ എത്തുമെന്ന് ഞങ്ങള്‍ ശക്തമായി വിശ്വസിക്കുന്നു – ബ്ലിങ്കന്‍ പറഞ്ഞു. ക്യാപ്.യഹ്‌യ അല്‍സിന്‍വാര്‍