ബംഗ്ലാദേശ് വിമോചന പോരാട്ടത്തിലെ നായകൻ മുജീബ് റഹ്മാനോടുള്ള ആരാധനയാണ് ആ പേരിന് കേരളത്തിൽ ഇത്രയേറെ പ്രചാരം ലഭിക്കാൻ കാരണം-ആരിഫ് സെയ്ൻ എഴുതുന്നു
കേരളത്തിൽ എത്ര മുജീബ് റഹ്മാൻ (മുജീബുർറഹ്മാൻ)മാരുണ്ടോ അവരെല്ലാം 1971-ലോ ശേഷമോ ജനിച്ചവരായിരിക്കും. ബംഗ്ലാദേശിന്റെ പിറവിക്കുശേഷം കേരള മുസ്‌ലിംകൾക്കിടയിൽ വളർന്നുവന്ന മുജീബ് ആരാധനയായിരുന്നു അതിനുള്ള പ്രത്യക്ഷകാരണം. സ്നേഹിതൻ സാം യൂസുഫ് എന്ന ചെറുപ്പക്കാരനോട് ഒരിക്കൽ പേരിന്റെ ആധാരം ചോദിച്ചപ്പോൾ സാം മനേക്’ഷായുടെ സൈന്യത്തിൽ അംഗമായിരുന്ന യൂസുഫ് മകന് ഫാർസിയായിരുന്ന തന്റെ മേധാവിയുടെ പേരിടുകയായിരുന്നു. എന്നാൽ, എ.എ.കെ. നിയാസിയുടെ പേരിന്റെ പേരിൽ ഏതെങ്കിലും നിയാസി കേരളത്തിൽ ജനിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഉത്തരേന്ത്യയിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. അവിടെ മുസ്‌ലിംകൾ എന്തിനെന്നറിയാതെ അന്ന് വേട്ടയാടപ്പെട്ടു. എൻ. എസ്. മാധവന്റെ ‘മുംബൈ’ യിൽ പറയുന്നതുപോലെ 1971 അവർക്കുമേൽ ഡെമോക്ലസിന്റെ വാളായി തൂങ്ങിക്കൊണ്ടിരുന്നു.
പിന്നീട് മലയാളി അവന്റെ പ്രവാസത്തിനിടെ കണ്ടുമുട്ടിയ ബന്ധുഭായിയോട് അയാളുടെ നാടിനെ നിരന്തരം വേട്ടയാടിയ പ്രകൃതി ദുരന്തങ്ങളുടെ പേരിലും ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തി അവരുടെ പൗരസ്വാതന്ത്ര്യം കവർന്നെടുക്കപ്പെടുന്നതിന്റെ പേരിലും സഹതാപം പുലർത്തി.
എച്ച്. എം. ഇർഷാദിന്റെ ജനവിരുദ്ധ ഭരണകൂടത്തിനെതിരെ ജനാധിപത്യത്തിനുവേണ്ടി തെരുവുകളിൽ നടന്ന പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ രണ്ടു സ്ത്രീകളെ മലയാളിയും ആദരിച്ചു. ഏറിയ പ്രക്ഷോഭങ്ങൾക്കും സംഘർഷങ്ങൾകുമൊടുവിൽ നിലവിലവിൽ ജനാധിപത്യ സംവിധാനത്തിന്റെ ബലത്തിൽ ഈ പെണ്ണുങ്ങൾ മാറിമാറി അധികാരത്തിലേറി. ബംഗ്ലാദേശ് വിമോചനത്തിന് നടുനായകത്വം വഹിച്ച മുജീബുറഹ്മാന്റെ ലഗസിയെ ബേഗം ഖാലിദ സിയ ഗവണ്മെന്റ് അട്ടത്തിടാൻ ശ്രമിച്ചപ്പോൾ പിന്നീട് ശെയ്ഖ് ഹസീന വാജിദ് അധികാരത്തിലെത്തിയതോടെ പതിന്മടങ്ങ് ഊക്കിൽ മുജീബ് ബംഗ്ലാ പൊതുമണ്ഡലത്തിലേക്ക് തിരിച്ചുവന്നു.
ഹസീനയുടെ ഭരണം ബംഗ്ലാദേശിനെ വിവിധ രംഗങ്ങളിൽ കൈപ്പിടിച്ചുയർത്തി. പ്രകൃതിക്ഷോഭങ്ങൾക്ക് പഴയപോലെ കൃത്യത ഉണ്ടായില്ല. പോകപ്പോകെ അവ നിലച്ച പോലെയായി. സാധാരണ ജനത്തിന് ബോധ്യമാകാത്ത ജി.ഡി.പി. വളർച്ച മുതൽ അവർക്ക് നേരിട്ട് അനുഭവവേദ്യമാകുന്ന ശിശുമരണ നിരക്കിലെ അത്ഭുതാവഹമായ കുറവുവരെ ഹസീന ഭരണകൂടം അടയാളപ്പെടുത്തി. ടെക്സ്റ്റയിൽ വ്യവസായരംഗത്ത് രാജ്യം ഏറെ മുന്നേറി, ദാരിദ്ര്യനിരക്ക് കുറഞ്ഞു.
ഇതൊരു ഭാഗത്തു നടക്കുമ്പോൾ, നാലാം തവണയും അധികാരത്തിലേറിയ ഹസീനയിലെ സ്വേച്ഛാധിപതി പൂർണതയോടടുക്കുകയായിരുന്നു. ജനാധിപത്യവും കോടതികളും അവർക്കുവേണ്ടി വഴിമാറിക്കൊടുത്തു. പ്രതിപക്ഷത്തിനും എതിർശബ്ദങ്ങൾക്കും ഇടമില്ലാതായി. കാണക്കാണെ ഹസീനയുടെ ജനപ്രീതി ലംബമായ നേർരേഖയിൽ താഴോട്ടു പോന്നു. ഇപ്പോൾ ഹിറ്റ്ലറുടെയും മുസോലിനിയുടെയും ചെഷസ്ക്യൂവിന്റെയും പിന്മുറക്കാരിയായി ഇതുവരെ എത്തി നിൽക്കുന്നു. സ്വേച്ഛാധിപതികൾക്കെല്ലാം വഴികാണിച്ചുകൊണ്ട്, വിപ്രവാസത്തിലേക്കുള്ള വഴിയമ്പലത്തിൽ വിശ്രമിച്ചുകൊണ്ട്. ചില ചെഷ്സ്ക്യൂയിസ്റ്റുകൾ ഇപ്പോഴും ഹസീനയെ കാണുന്നത് ഒരു ജനാധിപത്യവാദിയായിട്ടാണ്. നന്ദി, നമസ്കാരം.