ജിദ്ദ – ഈ വര്‍ഷം ആദ്യ പകുതിയില്‍ ഖത്തര്‍ സന്ദര്‍ശിച്ച വിദേശികളില്‍ മൂന്നിലൊന്നോളം സൗദികള്‍. ആറു മാസത്തിനിടെ ഖത്തര്‍ സന്ദര്‍ശിച്ചവരില്‍ ഏറ്റവുമധികം പേര്‍ സൗദികളാണ്. ഇക്കാലയളവില്‍ 7,55,000 സൗദികള്‍ ഖത്തര്‍ സന്ദര്‍ശിച്ചു. ഖത്തര്‍ സന്ദര്‍ശകരില്‍ 29 ശതമാനം സൗദികളാണ്.
ആദ്യ പകുതിയില്‍ ഖത്തര്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധന രേഖപ്പെടുത്തി. ജനുവരി മുതല്‍ ജൂണ്‍ അവസാനം വരെയുള്ള കാലത്ത് 26,39,000 വിദേശികളാണ് ഖത്തര്‍ സന്ദര്‍ശിച്ചത്. ഇതില്‍ 51 ശതമാനം പേര്‍ വിമാന മാര്‍ഗവും 40 ശതമാനം പേര്‍ കരമാര്‍ഗവും ഒമ്പതു ശതമാനം പേര്‍ കപ്പല്‍ മാര്‍ഗവുമാണ് ഖത്തറിലെത്തിയത്.
സന്ദര്‍ശകരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. ആകെ സന്ദര്‍ശകരില്‍ എട്ടു ശതമാനം പേര്‍ ഇന്ത്യക്കാരാണ്. മൂന്നാം സ്ഥാനത്ത് ബഹ്‌റൈനികളാണ്. ഖത്തര്‍ സന്ദര്‍ശകരില്‍ അഞ്ചു ശതമാനം പേര്‍ ബഹ്‌റൈനികളായിരുന്നു. സന്ദര്‍ശകരില്‍ നാലു ശതമാനം പേര്‍ വീതം ബ്രിട്ടന്‍, കുവൈത്ത്, ഒമാന്‍, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നും മൂന്നു ശതമാനം പേര്‍ വീതം അമേരിക്കയില്‍ നിന്നും യു.എ.ഇയില്‍ നിന്നും രണ്ടു ശതമാനം പേര്‍ ഇറ്റലിയില്‍ നിന്നുമായിരുന്നു.
ആകെ സന്ദര്‍ശകരില്‍ 43 ശതമാനം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരുന്നു. കൊറോണ വ്യാപനത്തിനു മുമ്പ് ഖത്തര്‍ സന്ദര്‍ശിച്ച ഗള്‍ഫ് രാജ്യക്കാരെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പകുതിയില്‍ ഖത്തറിലെത്തിയ ഗള്‍ഫ് സന്ദര്‍ശകരുടെ എണ്ണം 151 ശതമാനം തോതില്‍ വര്‍ധിച്ചു.