ജിദ്ദ – അത്തിപ്പഴ ഉല്‍പാദനത്തില്‍ സൗദി അറേബ്യ 111 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. സൗദിയില്‍ പ്രതിവര്‍ഷം 28,000 ടണ്‍ അത്തിപ്പഴം ഉല്‍പാദിപ്പിക്കുന്നു. വിവിധ പ്രവിശ്യകളിലായി 1,421 ഹെക്ടര്‍ സ്ഥലത്ത് അത്തിപ്പഴം ഉല്‍പാദിപ്പിക്കുന്നു. ഏറ്റവുമധികം അത്തിപ്പഴം ഉല്‍പാദിപ്പിക്കുന്നത് ജിസാന്‍ പ്രവിശ്യയിലാണ്. ഇവിടെ പ്രതിവര്‍ഷം 9,906 ടണ്‍ അത്തിപ്പഴം ഉല്‍പാദിപ്പിക്കുന്നു. രണ്ടാം സ്ഥാനത്ത് റിയാദ് പ്രവിശ്യയാണ്. റിയാദില്‍ പ്രതിവര്‍ഷം 8,010 ടണ്‍ അത്തിപ്പഴം ഉല്‍പാദിപ്പിക്കുന്നു.
മൂന്നാം സ്ഥാനത്തുള്ള അസീറില്‍ 3,970 ഉം മക്ക പ്രവിശ്യയില്‍ 1,635 ഉം ഹായിലില്‍ 1,033 ഉം അല്‍ജൗഫില്‍ 874 ഉം അല്‍ബാഹയില്‍ 790 ഉം അല്‍ഖസീമില്‍ 737 ഉം നജ്‌റാനില്‍ 645 ഉം തബൂക്കില്‍ 348 ഉം മദീനയില്‍ 245 ഉം ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 36 ഉം ടണ്‍ അത്തിപ്പഴം ഉല്‍പാദിപ്പിക്കുന്നു.
സൗദിയില്‍ ഫെബ്രുവരി മുതല്‍ നവംബര്‍ അവസാനം വരെയാണ് അത്തിപ്പഴ ഉല്‍പാദന സീസണ്‍.
സുസ്ഥിര കാര്‍ഷിക ഗ്രാമവികസന പ്രോഗ്രാമിലൂടെ ലഭ്യമായ അവസരങ്ങളും വിഭവങ്ങളും പ്രയോജനപ്പെടുത്തിയും പ്രകൃതി വിഭവങ്ങളും കാര്‍ഷിക സാധ്യതകളും അനുസരിച്ച് വിവിധ പ്രവിശ്യകളുടെ താരതമ്യ നേട്ടം ഉപയോഗപ്പെടുത്തിയും അത്തിപ്പഴത്തിന്റെ ഉല്‍പാദനം, സംസ്‌കരണം, വിപണനം എന്നിവ വികസിപ്പിക്കാന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പ്രവര്‍ത്തിക്കുന്നു. വിവിധ പ്രവിശ്യകളില്‍ വ്യത്യസ്ത അളവില്‍ ഉല്‍പാദിപ്പിക്കുന്ന അത്തിപ്പഴം മികച്ച സാമ്പത്തിക നേട്ടം ലഭിക്കുന്ന വിളകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.
സൗദിയില്‍ വ്യത്യസ്ത ഇനം അത്തിപ്പഴം ഉല്‍പാദിപ്പിക്കുന്നുണ്ട്. അത്തിപ്പഴത്തിന് ഒന്നിലധികം ആരോഗ്യ ഗുണകളുണ്ട്. അവ അല്‍ഷിമേഴ്‌സ് രോഗത്തെ പ്രതിരോധിക്കുകയും രക്തസമ്മര്‍ദം കുറക്കുകയും മുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുകയും അസ്ഥികളെ ശക്തിപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന പഴങ്ങള്‍ ഉല്‍പാദന സീസണുകളില്‍ കഴിക്കുന്നത് പരമാവധി പോഷക, ആരോഗ്യ ഗുണങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു.