ജിദ്ദ: ലണ്ടനിലേക്ക് ഹൈകമ്മീഷണറായി സ്ഥലം മാറി പോകുന്ന കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിന് ജിദ്ദയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം യാത്രയയപ്പ് നൽകി. വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി ഓർഗനൈസേഷനുകൾ ഒരുമിച്ചാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.
ഇന്ത്യൻ കോണ്‍സുലേറ്റും പ്രവാസി സമൂഹവും തമ്മിലുള്ള സൗഹാർദ്ദപരമായ ബന്ധം ഉറപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച കോൺസൽ ജനറലിനെ പ്രമുഖ സംഘടനകള്‍ അഭിനന്ദിച്ചു. തൊഴിലാളികളുടെ പരാതികൾ പരിഹരിക്കാൻ അദ്ദേഹം നടത്തിയ ശ്രമം ഏറെ ശ്ലാഘനീയമാണെന്ന് സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ജിദ്ദയിലെ പ്രവാസി സമൂഹം പ്രായോഗിക പിന്തുണ നൽകുന്നവരുമാണെന്ന് കോൺസൽ ജനറൽ ഷാഹിദ് ആലം പറഞ്ഞു. യുദ്ധത്തിൽ തകർന്ന സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷൻ കാവേരി ഇന്ത്യൻ കോൺസുലേറ്റ് വിജയകരമായി നടത്തിയത് പ്രവാസികളുടെ ഫലപ്രദമായ പിന്തുണയോടുകൂടിയായിരുന്നു. ഹജ് വേളയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി വളണ്ടിയർമാരുടെ സേവനവും അദ്ദേഹം എടുത്തുപറഞ്ഞു. പുതിയ കോൺസുലേറ്റിലെ വിശാലമായ ഓഡിറ്റോറിയം കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുമെന്നും ഷാഹിദ് ആലം പറഞ്ഞു.
ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റിയെ പ്രതിനിധീകരിച്ചു റീജ്യണൽ കമ്മറ്റി പ്രസിഡൻറ് ഹക്കീം പാറക്കൽ ഒഐസിസിയുടെ യാത്രയയപ്പു സന്ദേശം കൈമാറി. ഇന്ത്യാ ഫോറം പ്രസിഡൻ്റ് ഫിറോസ്, ഐപിഡബ്ല്യുഎഫ് പ്രസിഡൻ്റ് അയൂബ് ഹക്കിം, എസ്ഐബിഎൻ അസീസ് റബ്, ഉറുദു അക്കാദമി പ്രസിഡൻ്റ് ഹഫീസ് അബ്ദുൽ സലാം, സൗദി ബിസിനസ് ആൻഡ് കൾച്ചറൽ ഫോറത്തിൻ്റെ മിർസ ഖുദ്രത്ത്, ഖേക്ക് തയ്ബ ട്രസ്റ്റിൻ്റെ ഷമീം കൗസർ, കേരള ഫോറം പ്രതിനിധി കെ.ടി.എ മുനീര്‍, നവദോയയുടെ അബ്ദുറഹ്മാന്‍, കേരള എന്‍ജിനിയേഴ്സ് ഫോറം പ്രതിനിധി ഇഖ്ബാല്‍ പൊക്കുത്ത്, ടി.എസ്.എസ് പ്രസിഡന്‍റ് തരുണ്‍ രത്നാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.