പാരിസ്: ലിംഗ യോഗ്യതാ പരിശോധനയില്‍ പരാജയപ്പെട്ട് ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന വിവാദ അള്‍ജീരിയന്‍ താരം ഇമാനെ ഖലീഫ മെഡല്‍ ഉറപ്പിച്ചു. പാരിസ് ഒളിംപിക്‌സില്‍ വെല്‍റ്റര്‍വെയിറ്റ് വിഭാഗത്തില്‍ ക്വാര്‍ട്ടറില്‍ ജയിച്ച ഇമാനെ സെമിയിലേക്ക് യോഗ്യത നേടി. ഇതോടെയാണ് വെങ്കല മെഡല്‍ ഉറപ്പിച്ചത്. ഹംഗേറിയയുടെ ലൂക്ക അന്ന ഹമോറിയെ പരാജയപ്പെടുത്തിയാണ് ഇമാനെ മെഡല്‍ ഉറപ്പിച്ചത്. അള്‍ജീരിയയുടെ വനിതാ ബോക്‌സിങിലെ ചരിത്രത്തിലെ ആദ്യ മെഡലാണ്. ലോകത്തിനും അറബ് ലോകത്തിനും നന്ദി പറയുന്നുവെന്ന് താരം കണ്ണീരോടെ പറഞ്ഞു. ഇമാനെ മികച്ച എതിരാളിയായിരുന്നുവെന്ന് ഹംഗേറിയന്‍ താരം വ്യക്തമാക്കി.
2021ലെ തുര്‍ക്കി ഒളിംപിക് ചാംപ്യനായ ബുസെനാസ് സുര്‍മെനെലിയെ തോല്‍പ്പിച്ച ജന്‍ജേം സുവാനഫെങ്ങിനെയാണ് ഖലീഫ് ചൊവ്വാഴ്ച സെമി ഫൈനലില്‍ നേരിടുക. സ്ത്രീയായ ഇമാനെ ലിംഗ യോഗ്യത ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2023 ലോക ചാംപ്യന്‍ഷിപ്പില്‍ നിന്ന് അയോഗ്യയാക്കിയിരുന്നു. എന്നാല്‍ പാരിസ് ഒളിംപിക്‌സില്‍ മല്‍സരിക്കാന്‍ ഐഒസി അനുമതി നല്‍കുകയായിരുന്നു. ഇതിനെതിരേ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
ഇത്തവണത്തെ പ്രീക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ താരം ഏയ്ഞ്ചല കാരിനെ ഇമാനെയ്‌ക്കെതിരായ മല്‍സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇമാനെയുടെ പഞ്ച് സഹിക്കവയ്യാതെ താരം മല്‍സരം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഇമാനെയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഏയ്ഞ്ചല കാരിനെ ഇമാനെയ്‌ക്കെതിരേ ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഏയ്ഞ്ചല ഇമാനെയോട് ക്ഷമാപണം നടത്തിയിരുന്നു.