ദമാം- കുടുംബത്തിലെ നാലുപേരെയാണ് ഉരുളെടുത്തത്. എട്ടുപേർ എവിടെയെന്ന് ഒരു വിവരവുമില്ല. ദമാമിൽ പ്രവാസിയായ അബ്ദുൽ ഗഫൂറിന്റെ ഉള്ളുപൊട്ടിയടർന്നിരിക്കുന്നു. ദമാമിൽ വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുൽ ഗഫൂറിന്റെ ദുരന്തം ആരുടെയും ഉള്ളു നനയിക്കുന്നതാണ്. നാടിനെ നടുക്കിയ വയനാട് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഗഫൂറിന് നഷ്ടമായത് സ്വന്തം അമ്മാവനും അദ്ദേഹത്തിന്റെ 12 അംഗ കുടുംബത്തേയുമാണ്. വൈത്തിരി തളിപ്പുഴ സ്വദേശിയായ അമ്മാവൻ യൂസുഫ് അഞ്ച് മാസം ഗർഭിണിയായ മകളുടെ വീട്ടിൽ വിരുന്നിന് പോയതായിരുന്നു ആ കലിയിളകിയ ഇരുണ്ട രാത്രിയിൽ. നാട്ടുകാരുടെയും വീട്ടുകാരുടെയും എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെട്ടിരുന്ന യൂസുഫിനെയും കുടുംബത്തേയും ബാധിച്ച ദുരന്തം നാട്ടുകാർക്കും വീട്ടുകാർക്കും വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്.
യൂസുഫും ഭാര്യയും ചെറിയ മകളുടെ കുഞ്ഞുമകളുമാണ് വിരുന്നിന് പോയിരുന്നത്. ആ വീട്ടിൽ യൂസിഫിന്റെ മൂത്ത മകൾ റുക്സാനയും, ഭർത്താവും, ഭർത്താവിന്റെ സഹോദരനും, അവരുടെ മാതാപിതാക്കളുമടക്കം ഒൻപത് പേരാണ് ഉണ്ടായിരുന്നത്. അബ്ദുൽ ഗഫൂർ വാട്ട്സപ്പ് സന്ദേശത്തിലൂടെയാണ് സംഭവ ദിവസം ഉറ്റവരുടെ വേർപാടിന്റെ വിവരം അറിഞ്ഞത്. ഇതേ തുടർന്ന് നാട്ടിൽ ബന്ധപ്പെട്ടപ്പോഴാണ് വിശദ വിവരം അറിഞ്ഞത്. ചൂരൽ മലയിലെ ആ വീട് നിന്ന പുഴയോരത്ത് ഇപ്പോൾ ആ വീടിന്റെ ഒരു കല്ല് പോലും അവശേഷിച്ചിട്ടില്ല. ഇത് വരെ നാല് പേരുടെ ശരീരമാണ് ലഭിച്ചത്. അതിൽ രണ്ട് പേരെ സൂചിപ്പാറ വെള്ളച്ചാട്ടവും കഴിഞ്ഞുള്ള ചാലിയാറിൽ നിന്നാണ് ലഭിച്ചത്. കിട്ടിയപ്പോൾ തിരിച്ചറിയാൻ പോലും പ്രയാസമായ രീതിയിലായിരുന്നു ഇവരുടെ ഭൗതിക ശരീരം. ദുരന്തത്തിന്റെ വ്യാപ്തിയും പ്രദേശത്തിന്റെ അവസ്ഥയും മനസ്സിലാക്കുമ്പോൾ ഇനി അമ്മാവ നടക്കം കിട്ടാനുള്ള എട്ട് പേരുടെ കാര്യത്തിൽ യാതൊരു പ്രതീക്ഷയും ഇല്ലെന്നാണ് അബ്ദുൽ ഗഫൂർ പറയുന്നത്.
ദുരന്തം നൽകിയ ആഘാതത്തിൽ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അബ്ദുൽ ഗഫൂർ. ഉറങ്ങുമ്പോൾ ഏതോ കയത്തിന്റെ അഗാതതയിലേക്ക് സ്വയം താഴ്ന്നു പോകുന്ന പോലെ തോന്നി ഞെട്ടി ഉണരുകയാണ്. തൊഴിലിടത്തിലെ സാഹചര്യത്തിൽ കൂടെ ഒരാളെ കൂട്ടാൻ പോലും കഴിയാത്ത അവസ്ഥയുണ്ട്. നവോദയ താറൂത്ത് യൂണിറ്റ് ജോ സെക്രട്ടറി കൂടിയായ ഗഫൂറിനെ സാന്ത്വനിപ്പിക്കാൻ നവോദയ കേന്ദ്രരക്ഷാധികാരിയും ലോകകേരളസഭ അംഗവുമായ പ്രദീപ് കൊട്ടിയവും ബാബു ഫറോക്കും അബ്ദുൽ ഗഫൂറിനെ സന്ദർശിച്ചു. ഗഫൂറിന് ആവശ്യമായ എല്ലാ സഹായവും നവോദയ ഒരുക്കുമെന്ന് പ്രദീപ് കൊട്ടിയം പറഞ്ഞു