പാരീസ്- പാരീസ് ഒളിംപിക്സ് ബോക്സിങ്ങില്‍ വെല്‍റ്റര്‍വെയിറ്റ് വിഭാഗത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍ അള്‍ജീരിയയുടെ ഇമാനെ ഖലീഫിനെതിരായ മത്സരത്തില്‍ നിന്ന് ഇറ്റലിയുടെ ഏയ്ഞ്ചല കാരിനി പിന്മാറിയത് വലിയ വിവാദങ്ങളിലേക്ക് വഴിവച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് മല്‍സരം അരങ്ങേറിയത്.
എതിരാളിയായ അല്‍ജീരിയയുടെ ഇമാനെ ഖലീഫില്‍ നിന്ന് മൂക്കിന് ശക്തമായ ഇടി കിട്ടിയതിനെത്തുടര്‍ന്നാണ് കാരിനി മത്സരത്തില്‍നിന്ന് പിന്മാറിയത്. കരിയറില്‍ നേരിട്ട ഏറ്റവും വലിയ പഞ്ചാണ് ഖലിഫില്‍നിന്ന് നേരിട്ടതെന്ന് കരിനി പറഞ്ഞു. ഇടിയെത്തുടര്‍ന്ന് മൂക്കില്‍നിന്ന് രക്തം വന്നിരുന്നു. കണ്ണീരോടെയാണ് കരിനി മത്സരം ഉപേക്ഷിച്ചുപോയത്.
ലിംഗ യോഗ്യതാ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 2023 ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ മത്സരത്തില്‍നിന്ന് ഇമാനെയക്ക് അയോഗ്യത കല്‍പ്പിച്ചിരുന്നു. എന്നാല്‍ പാരീസ് ഒളിംപിക്സിൽ മത്സരിക്കാന്‍ ഐ.ഒ.സി. അനുമതി നല്‍കുകയായിരുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധം നടന്നിരുന്നു.
മത്സരം തുടരാനാവാത്തതിനാലാണ് ഉപേക്ഷിച്ചുപോയതെന്ന് അവര്‍ വിശദീകരിച്ചു. വര്‍ഷങ്ങളുടെ അദ്ധ്വാനത്തിന് ശേഷം സ്വര്‍ണ്ണമെഡല്‍ മോഹിച്ചാണ് താന്‍ ഇവിടെയത്തിയത്. എന്നാല്‍ പുരുഷനായ അയാളുടെ പഞ്ച് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കരഞ്ഞുകൊണ്ട് കാരിനി പറഞ്ഞു. ‘ഞാന്‍ എപ്പോഴും എന്റെ രാജ്യത്തെ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഇത്തവണ ജയിച്ചില്ല. കാരണം എനിക്ക് പോരാടാനാവുമായിരുന്നില്ല. രണ്ടാമത്തെ ഇടി ലഭിച്ചതിനെത്തുടര്‍ന്ന് ഞാന്‍ മത്സരം അവസാനിപ്പിച്ചു. റിങ്ങില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള എനിക്ക്, മൂക്കില്‍ കഠിനമായ വേദന അനുഭവപ്പെട്ടു. രക്തമൊഴുകിത്തുടങ്ങിയ എന്റെ മൂക്ക് നിങ്ങളെല്ലാരും കണ്ടു. ഈ രാത്രി ഞാന്‍ തോറ്റതല്ല, പക്വതയോടെ കീഴടങ്ങിയതാണ്. ഞാനൊരു പക്വതയുള്ള സ്ത്രീയാണ്, റിങ്ങാണ് എന്റെ ജീവന്‍. എനിക്ക് ശരിയല്ല എന്ന് തോന്നിയാല്‍ അതൊരു കീഴടങ്ങലല്ല, പക്വതയോടെയുള്ള അവസാനിപ്പിക്കലാണ്’- കരിനി വ്യക്തമാക്കി.
മല്‍സരത്തില്‍ ഇമാനെയുടെ ആദ്യ പഞ്ച് കാരിനിയുടെ ചിന്‍സ്ട്രാപ്പ് ഇളക്കിയിരുന്നു. രണ്ടാമത്തെ പഞ്ചിന് ശേഷംതാരം കൈ ഉയര്‍ത്തി പിന്‍മാറുകയായിരുന്നു. ഇമാനെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ കാരിനി കരയുന്നുണ്ടായിരുന്നു. അള്‍ജീരിയന്‍ താരത്തിന് ഹസ്തദാനം നല്‍കാനും ഇമാനെ വിസമ്മതിച്ചു. താന്‍ സ്വര്‍ണം നേടാന്‍ മാത്രമാണ് പാരിസില്‍ എത്തിയതെന്ന് ഇമാനെ പറയുന്നു. ആരോടും ഏറ്റുമുട്ടാന്‍ താന്‍ തയ്യാറാണെന്നും ഇമാനെ വ്യക്തമാക്കി.
ഇമാനെയ്ക്ക് പുറമെ ലിംഗപരിശോധനയില്‍ പരാജയപ്പെട്ട തായ്വാന്റെ ലിന്‍ യു ടിങ്ങും മത്സരിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷമായിരുന്നു ലോകചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇമാനെയും ലിന്‍ യു ടിങും പുറത്താക്കപ്പെട്ടത്. ഇരുവരുടേയും ഡിഎന്‍എ പരിശോധനയില്‍ എക്സ്, വൈ ക്രൊമസോമുകളാണെന്ന് (പുരുഷന്മാരുടേത്) തെളിഞ്ഞതായാണ് അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്‍ (ഐബിഎ) പ്രസിഡന്റ് ഉമര്‍ ക്രെംലെവ് വ്യക്തമാക്കിയത്. ഇരു താരങ്ങളും ചട്ടങ്ങള്‍ പ്രകാരമാണ് മത്സരിച്ചതെന്ന് ഐഒസി പ്രസ്താവനയിലൂടെ അറിയിച്ചു. ലിംഗഭേദവും വയസും പാസ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഒളിംപിക്സിലെ കറുത്ത അദ്ധ്യായമാണ് ഈ പോരാട്ടത്തെ ലോകം കാണുന്നത്. ജീവശാസ്ത്രപരമായി പുരുഷനായി രണ്ട് താരങ്ങള്‍ക്ക് വനിതകളുമായി ഏറ്റുമുട്ടാന്‍ അവസരം നല്‍കിയ ഐഒസിക്കെതിരേ ലോകം ശക്തമായി അപലപിക്കുകയാണ്.