ജിദ്ദ – ഉത്തര, കിഴക്കന്‍ തുര്‍ക്കിയില്‍ കരിങ്കടലില്‍ സൗദി വനിതാ ടൂറിസ്റ്റ് മുങ്ങിമരിച്ചു. ഗൈരിസന്‍ നഗരത്തിലെ ബീച്ചിലാണ് അപകടം. മുപ്പതുകാരനായ ഭര്‍ത്താവ് ഈദക്കൊപ്പം ബീച്ചിലെത്തിയ 25 കാരി റശ തിരമാലയില്‍ അകപ്പെട്ട് ആഴക്കടയിലേക്ക് ഒലിച്ചുപോവുകയായിരുന്നു. യുവതിയുടെ ജീവന്‍ രക്ഷിക്കാനുള്ള തുര്‍ക്കി സംഘങ്ങളുടെ ശ്രമങ്ങള്‍ വിജയിച്ചില്ല. പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്. തുര്‍ക്കിയില്‍ ഒരാഴ്ചക്കിടെ മുങ്ങിമരിക്കുന്ന മൂന്നാമത്തെ സൗദി ടൂറിസ്റ്റ് ആണ് റശ. തുര്‍ക്കിയിലെ സപന്‍ജ നഗരത്തില്‍ സൗദി ബാലനും അന്റാല്‍യ നഗരത്തില്‍ സൗദി യുവാവും ദിവസങ്ങള്‍ക്കു മുമ്പ് മുങ്ങിമരിച്ചിരുന്നു.
മക്കക്കു സമീപം ബാലന്‍ മുങ്ങിമരിച്ചു
മക്ക – മക്ക പ്രവിശ്യയിലെ അല്‍അര്‍ദിയാത്തിന് തെക്ക് വാദി ഖനൂനയില്‍ ബാലന്‍ മുങ്ങിമരിച്ചു. ഗ്രാമത്തിനു സമീപമുള്ള താഴ്‌വരയിലെ മലവെള്ളപ്പാച്ചില്‍ കാണാന്‍ കൂട്ടുകാര്‍ക്കൊപ്പം എത്തിയ 13 കാരന്‍ കാല്‍തെന്നി കുത്തൊഴുക്കുള്ള വെള്ളത്തില്‍ പതിക്കുകയായിരുന്നു. കുട്ടികളുടെ ബഹളവും കരച്ചിലും കേട്ട് സമീപത്തുണ്ടായിരുന്ന വൃദ്ധന്‍ ഓടിയെത്തി ബാലനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റും പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
അതിനിടെ, ജിസാനിലെ വാദി മസല്ലയില്‍ കാര്‍ ഒഴുക്കില്‍ പെട്ട് കാണാതായ സൗദി പൗരനു വേണ്ടി സിവില്‍ ഡിഫന്‍സും നാട്ടുകാരും വളണ്ടിയര്‍മാരും തിരച്ചില്‍ തുടരുകയാണ്. തെക്കുകിഴക്കന്‍ ജിസാനിലെ അഹദ് അല്‍മസാരിഹക്കും അല്‍ആരിദക്കുമിടയിലെ റോഡില്‍ സൗദി ദമ്പതികള്‍ സഞ്ചരിച്ച കാര്‍ ബുധനാഴ്ചയാണ് മലവെള്ളപ്പാച്ചിലില്‍ പെട്ടത്. സിവില്‍ ഡിഫന്‍സ് അധികൃതരും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ഭാര്യയുടെ മൃതദേഹവും ദമ്പതികളുടെ കാറും കണ്ടെത്തിയിട്ടുണ്ട്.