ജിദ്ദ – ആഗോള താപനം അടക്കമുള്ള കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ കുറക്കാനും പരിസ്ഥിതി സംരക്ഷണത്തിനും ലക്ഷ്യമിട്ട് പ്രഖ്യാപിച്ച സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ ഫലം ചെയ്യാന്‍ തുടങ്ങി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ രാജ്യത്ത് പൊടിക്കാറ്റുകള്‍ 60 ശതമാനം തോതില്‍ കുറഞ്ഞതായി സാന്‍ഡ് ആന്റ് ഡസ്റ്റ് സ്‌റ്റോം വാണിംഗ് റീജ്യനല്‍ സെന്റര്‍ അറിയിച്ചു.
സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവും വര്‍ഷപാതം വര്‍ധിച്ചതും പച്ചവിരിച്ച പ്രദേശങ്ങളുടെ സംരക്ഷണത്തിന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തുന്ന ശ്രമങ്ങളും അടക്കമുള്ള ഘടകങ്ങളാണ് പൊടിക്കാറ്റ് കുറക്കാന്‍ സഹായിച്ചത്.
കഴിഞ്ഞ മാസം റിയാദില്‍ ഒരു പൊടിക്കാറ്റ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ജൂലൈ മാസത്തില്‍ റിയാദില്‍ പൊടിക്കാറ്റും മണല്‍ക്കാറ്റും രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത്. മധ്യ, കിഴക്കന്‍ സൗദിയില്‍ 80 ശതമാനവും ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 70 ശതമാനവും അല്‍ഖസീം, മക്ക, അല്‍ബാഹ പ്രവിശ്യകളില്‍ 60 ശതമാനവും തോതില്‍ ജൂലൈയില്‍ പൊടിക്കാറ്റ് കുറഞ്ഞതായും സെന്റര്‍ പറഞ്ഞു.