റിയാദ് – മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുവരെ മുന്നൂറോളം പേരുടെ ജീവന്‍ നഷ്ടമായ വയനാട് ദുരന്തം ഇന്ത്യയിലെ ഏറ്റവും വലിയ ദുരന്തമായി മാറുകയാണ്. ഇനിയും നൂറു കണക്കിന് പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തോടൊപ്പം സര്‍വ്വതും നഷ്ടപെട്ട ജനങ്ങള്‍ക്ക് ശാസ്ത്രീയമായ വിധത്തില്‍ പുനരധിവാസ പദ്ധതി പ്രഖ്യാപിക്കണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.
സൗദി കെഎംസിസിയുടെ ഭാരവാഹികളുടെയും സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും ഉപസമിതി അംഗങ്ങളുടെയും സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സെക്രട്ടറിമാരുടെയും അടിയന്തര വിര്‍ച്വല്‍ യോഗത്തില്‍
പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഖാദര്‍ ചെങ്കള ചര്‍ച്ച ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി കെ.പി മുഹമ്മദ്കുട്ടി, ട്രഷറര്‍ അഹമ്മദ് പാളയാട്ട് തുടങ്ങി നാഷണല്‍ കമ്മിറ്റി ഭാരവാഹികളും സെക്രട്ടറിയേറ്റ് അംഗങ്ങളും ഉപസമിതി അംഗങ്ങളും സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും സംസാരിച്ചു.
രാജ്യം നടുങ്ങിയ ദുരന്തത്തില്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ പതിവ് കാലവിളംബം ഒഴിവാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ നീക്കണം. മുണ്ടക്കൈ പ്രകൃതി ദുരന്തത്തില്‍ പെട്ടവരെ ചേര്‍ത്ത് പിടിക്കാന്‍ സൗദിയിലെ കെ.എം.സി.സി പ്രവര്‍ത്തകരും രംഗത്തുണ്ടാകും. മാതൃപ്രസ്ഥാനമായ മുസ്ലിംലീഗ് പാര്‍ട്ടിയുടെ കീഴിലാകും പദ്ധതിയില്‍ കെഎംസിസി കൈകോര്‍ക്കുക. ആഗസ്റ്റ് ഒന്ന് മുതല്‍ പതിനഞ്ച് വരെ വയനാട് ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുന്നതിനുള്ള ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. വിട പറഞ്ഞവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്ക്‌ചേര്‍ന്നയോഗം അപ്രതീക്ഷിത ദുരന്തത്തില്‍ അഗാധമായ അനുശോചനം രേഖപെടുത്തി
അനാഥരായ മക്കളുടെ വിദ്യാഭ്യാസം പൂര്‍ണ്ണമായി സൗജന്യമായി നടത്താനും അവര്‍ക്ക് ഭാവി ജീവിതത്തില്‍ ആവശ്യമായ സംരക്ഷണം ഏര്‍പ്പെടുത്താനും സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം. പുനരധിവാസ പദ്ധതിക്കൊപ്പം ജില്ലാ ഭരണകൂടത്തിന് കീഴില്‍ തുടര്‍ച്ചയായതും വ്യവസ്ഥാപിതവുമായ സംവിധാനങ്ങള്‍ ഇതിനുണ്ടാവണം. കാലക്രമേണ ദുരന്ത സ്മൃതികള്‍ അകന്നുപോകുമ്പോള്‍ അനാഥത്വം പേറുന്നവരായി ഇവിടെയുള്ള കുടുംബങ്ങളും കുട്ടികളും മാറുന്ന സാഹചര്യമില്ലാതാക്കാന്‍ ശാശ്വതമായ നടപടികള്‍ കൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും ആക്ടിങ് സെക്രട്ടറി ബഷീര്‍ മൂന്നിയൂര്‍ നന്ദിയും പറഞ്ഞു.