കൽപ്പറ്റ- കേരളത്തെ ഞെട്ടിച്ച് നിരവധി പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമായ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം തുടങ്ങി. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമായത്. പ്രദേശത്ത് രൂപപ്പെട്ട കനത്ത മൂടൽ മഞ്ഞ് രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാക്കുന്നത്. എങ്കിലും രക്ഷാപ്രവർത്തനം സജീവമാണ്. മരണസംഖ്യ ഓരോ നിമിഷവും കൂടിക്കൂടി വരികയാണ്. 93 പേർ മരിച്ചുവെന്നാണ് ഇതേവരെയുള്ള വിവരം. മരണസംഖ്യ കൂടാനുള്ള സാധ്യതയാണ് കാണുന്നത്. വയനാട്, മലപ്പുറം ജില്ലകളിലാണ് കൂടുതൽ പേർ മരിച്ചത്.
അതേസമയം, ദുരന്തഭൂമിയായി മാറിയ വയനാട് മുണ്ടക്കൈ മേഖലയിൽ ഇനിയും ഉരുൾപൊട്ടൽ പ്രതീക്ഷിക്കാമെന്നും കാഴ്‌ച കാണാൻ എത്തുന്നവരും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും പിവി അൻവർ എംഎൽഎ ആവശ്യപ്പെട്ടു. ഉരുൾപൊട്ടൽ നമുക്ക് മുൻ അനുഭവം ഉള്ളതാണ്. നമ്മൾ നിൽക്കുന്ന പ്രദേശത്തേക്ക് ഒരു സെക്കൻഡ് കൊണ്ട് കിലോമീറ്റർ കണക്കിന് വേഗതയിൽ വെള്ളം കുതിച്ചുകയറുന്ന അവസ്ഥയാണ്.
കാലാവസ്ഥ വീണ്ടും മോശമാവുകയാണ്. ഉരുൾപൊട്ടൽ ഇനിയും പ്രതീക്ഷിക്കാം. അതുകൊണ്ട് കാഴ്‌ചകൾ കാണാനായി പുഴക്കരയിൽ നിൽക്കുന്നവർ സുരക്ഷിതമായ സ്ഥലത്താണെന്ന് വിചാരിക്കരുത്. കാഴ്‌ച കാണാനും അല്ലാതെയും ദുരന്തത്തിന്റെ ഭാഗമായി ഡെസ്‌ക് പ്രവർത്തനത്തിലുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. മാറി താമസിക്കാൻ ആവശ്യപ്പെട്ടിട്ടുള്ള, പുഴയോടും തോടിനോടും ചേർന്ന് താമസിക്കുന്നവർ മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രക്ഷാപ്രവർത്തനത്തിന് അഡ്വഞ്ചർ പാർക്കുകളിലെ റോപ്പുകളും
മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിനായി അഡ്വഞ്ചർ പാർക്കുകളിലെ റോപ്പുകൾ എത്തിക്കാൻ നീക്കം. ചൂരൽമലയിലെ പത്താം വാർഡായ അട്ടമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റോപ്പുകൾ എത്തിക്കുന്നത്.
ചൂരൽമലയും പത്താം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാൽ അങ്ങോട്ട് കടക്കുക ദുഷ്കരമാണെന്നാണ് ദൗത്യസംഘം വ്യക്തമാക്കുന്നത്. അഞ്ച് സൈനികർ കയർ കെട്ടി പത്താം വാർഡിലേക്ക് കടന്നെങ്കിലും കൂടുതൽ പേരെ എത്തിക്കാനുള്ള കയർ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലെന്നാണ് സൈന്യം അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ തൊട്ടടുത്തുള്ള അഡ്വഞ്ചർ പാർക്കുകളിലെ വലിയ റോപ്പുകൾ എത്തിക്കാൻ ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകുകയായിരുന്നു.
ദുരന്തത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടതും തകർന്നടിഞ്ഞതും പത്താം വാർഡായ അട്ടമലയാണ്. അതിനാൽ രക്ഷാ പ്രവർത്തനം ഇവിടെ കേന്ദ്രീകരിക്കാനാണ് ശ്രമം. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് സൈനിക സംഘത്തെ വഹിച്ചു കൊണ്ട് രണ്ട് വിമാനങ്ങൾ ഉടൻ പുറപ്പെടും. അഞ്ച് മണിയോടെ വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേരും. അവിടെ നിന്ന് റോഡ് മാർഗം വയനാട്ടിലേയ്ക്ക് പോകും. ജീവൻ രക്ഷാ ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളുമാണ് എത്തിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള സൈനിക സംഘവും ചൂരൽമലയിൽ എത്തിയിട്ടുണ്ട്.
ഉരുൾപൊട്ടൽ, ഒഴുക്കിൽപെട്ട റിട്ട. അധ്യാപകനെ കണ്ടെത്തിയില്ല
നാദാപുരം: ഉരുൾപൊട്ടയുണ്ടായ മലവെള്ളപ്പാച്ചലിൽപെട്ട ഒഴുകി പോയ റിട്ട: അധ്യാപകനെ കണ്ടെത്താനായില്ല. കുമ്പളച്ചോല ഗവ. എൽ.പി സ്കൂൾ റിട്ട: അധ്യാപകൻ മഞ്ഞച്ചീളിലെ കളത്തിങ്കൽ മാത്യുവാ (മത്തായി 5 7) ണ് ഒഴുക്കിൽപെട്ടത്. ഇന്നലെ പുലർച്ചെ വീടിന് പുറത്തിറങ്ങി ഒഴുക്ക് നിരീക്ഷിക്കുന്നതിനിടയിലാണ് ശക്തമായ മലവെള്ള പാച്ചലിൽ പെട്ടത്. വ്യാപക തെരച്ചിൽ നടത്തുന്നുണ്ട്.