തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരുടെ വേർപാടിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി ആർ അനിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താൻ പൊതുവിതരണ വകുപ്പിലേയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ക്യാമ്പുകളിലേയ്ക്ക് ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണം ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും വകുപ്പ് സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി അറിയിച്ചു. ജില്ലയിലേയും സമീപജില്ലകളിലേയും സപ്ലൈകോ-ഭക്ഷ്യ, പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉറപ്പുവരുത്തുകയും ദുരിതാശ്വാസക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിച്ചു നല്‍കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.