ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പെരിയാർ കരകവിഞ്ഞൊഴുകുന്നു. 2019നുശേഷം ഇത്രയും ഉയരത്തിൽ വെള്ളമെത്തുന്നത് ഇപ്പോഴാണെന്നാണ് അധികൃതർ പറയുന്നത്. പെരിയാർ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ആലുവ ശിവക്ഷേത്രത്തിന്റെ മേൽക്കൂരയടക്കം വെള്ളത്തിനടിയിലായി.
ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകൾ തുറന്നിരിക്കുകയാണ്. ഇവിടെനിന്നുള്ള വെള്ളം മുഴുവൻ പെരിയാറിലേയ്ക്കാണ് ഒഴുക്കിവിടുന്നത്. ആലുവയിലെയും പരിസരപ്രദേശങ്ങളിലെയും താഴ്‌ന്ന മേഖലകളിൽ വെള്ളം കയറി. കല്ലാർകുട്ടി ഡാമിൻറെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മുതിരപ്പുഴയാർ, പെരിയാർ നദികളുടെ തീരങ്ങളിൽ ജാഗ്രത പുലർത്തണമെന്നാണ് അറിയിപ്പ്. നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട്
എറണാകുളം ജില്ലയിലെ കാളിയാർ (കലംപുർ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), പാലക്കാട് ജില്ലയിലെ പുലംതോട് (പുലാമന്തോൾ സ്റ്റേഷൻ) , കോഴിക്കോട് ജില്ലയിലെ കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മഞ്ഞ അലർട്ട്
തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ പമ്പ (മടമൺ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), ചാലക്കുടി (അരങ്ങാലി സ്റ്റേഷൻ), മലപ്പുറം ജില്ലയിലെ ചാലിയാർ (പെരുവമ്പടം സ്റ്റേഷൻ), കുതിരപ്പുഴ (ചക്കളകുത്ത് സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മിഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.