തബൂക്ക് – തബൂക്കില്‍ 5,000 കോടിയിലേറെ റിയാലിന്റെ നിക്ഷേപാവസരങ്ങളുള്ളതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. തബൂക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സും തബൂക്ക് നഗരസഭയും ചേര്‍ന്ന് തബൂക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗത്തില്‍ വ്യവസായികളുമായും നിക്ഷേപകരുമായും കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. പുനരുപയോഗ ഊര്‍ജം, കൃഷി, ടൂറിസം എന്നിവ അടക്കമുള്ള മേഖലകളില്‍ തബൂക്കില്‍ പുതിയ നിക്ഷേപാവസരങ്ങള്‍ ലഭ്യമാക്കാന്‍ തബൂക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ച് നിക്ഷേപ മന്ത്രാലയം പ്രവര്‍ത്തിക്കും.
പ്രവിശ്യയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനും സ്വകാര്യ മേഖലക്ക് ആവശ്യമായ പിന്തുണ നല്‍കാനും നിക്ഷേപ മന്ത്രാലയം മുന്‍ഗണന നല്‍കുന്നു. നിയോം തുറമുഖവും റെയില്‍വെ പദ്ധതികളും തബൂക്കില്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കും. പ്രവിശ്യയില്‍ സാമ്പത്തിക ചലനം മെച്ചപ്പെടുത്തുന്നതില്‍ തബൂക്ക് എയര്‍പോര്‍ട്ട് വലിയ പങ്ക് വഹിക്കുന്നു. പ്രവിശ്യയില്‍ നടപ്പാക്കുന്ന വന്‍കിട പദ്ധതികളുമായും സാമ്പത്തിക വളര്‍ച്ചയുമായും പൊരുത്തപ്പെട്ടുപോകുന്ന നിലക്ക് തബൂക്ക് എയര്‍പോര്‍ട്ട് വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നും നിക്ഷേപ മന്ത്രി പറഞ്ഞു.
ഉയര്‍ന്ന ഉല്‍പാദന, ഗതാത ചെലവുകളും റെയില്‍ സംവിധാനത്തിന്റെ അഭാവവും പ്രധാന നഗരങ്ങളില്‍ നിന്നുള്ള ദൂരക്കൂടുതലും കാരണമായി പ്രവിശ്യയുടെ ദുര്‍ബലമായ മത്സരക്ഷമത, തബൂക്ക് എയര്‍പോര്‍ട്ടിലേക്കും തിരിച്ചും മതിയായ വിമാന സര്‍വീസുകള്‍ ഇല്ലാതിരിക്കല്‍, പ്രവിശ്യയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമല്ലാതിരിക്കല്‍ എന്നിവയെല്ലാം പ്രവിശ്യയിലെ നിക്ഷേപകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളും പ്രതിബന്ധങ്ങളുമാണെന്ന് തബൂക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സ് പറയുന്നു. തബൂക്കില്‍ അന്താരാഷ്ട്ര നിക്ഷേപ ഫോറം സംഘടിപ്പിക്കല്‍, നിക്ഷേപാവസരങ്ങള്‍ വിപണനം ചെയ്യാന്‍ തബൂക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സും നിക്ഷേപ മന്ത്രാലയവും തമ്മില്‍ പങ്കാളിത്തം സ്ഥാപിക്കല്‍, പ്രവിശ്യയില്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ നിക്ഷേപകരെ ആകര്‍ഷിക്കല്‍, വ്യവസായ കോംപ്ലക്‌സുകളും സംഭരണ കേന്ദ്രങ്ങളും സ്ഥാപിക്കല്‍, ഓക്‌സാജന്‍ തുറമുഖവുമായി ബന്ധിപ്പിച്ച് നിയോമിന്റെ പ്രവേശന കവാടത്തില്‍ ലോജിസ്റ്റിക്‌സ് സോണും സംഭരണ കേന്ദ്രങ്ങളും സ്ഥാപിക്കല്‍, തബൂക്കിലേക്ക് വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കല്‍, പ്രവിശ്യയിലെ നിക്ഷേപാവസരങ്ങളെയും സാമ്പത്തിക മേഖലയെയും കുറിച്ച വിവരങ്ങള്‍ ലഭ്യമാക്കല്‍ എന്നിവയെല്ലാം പ്രവിശ്യയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് തബൂക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഇമാദ് അല്‍ഫാഖിരി പറഞ്ഞു.