വയനാട്: മുണ്ടക്കൈ ചൂരല്‍മലയിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. മേപ്പാടിയിലെ ആശുപത്രിയില്‍ 33 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി കുടുംബങ്ങളെ കാണാതായെന്നാണ് സൂചന
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു ആദ്യ ഉരുൾപൊട്ടൽ. പിന്നീട് 4.10ഓടെ വീണ്ടും ഉരുള്‍പൊട്ടി. ആകെ മൂന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായതായാണ് വിവരം.
മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നതോടെ സംഭവസ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. സൈന്യമെത്തി താൽക്കാലിക പാലം നിർമിക്കും.