നജ്‌റാന്‍ – നജ്‌റാന്‍ പ്രവിശ്യയില്‍ പെട്ട ശറൂറയില്‍ ജൂലൈ 12 നുണ്ടായ വൈദ്യുതി സ്തംഭനവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൗദി ഇലക്ട്രിസിറ്റി കമ്പനിയിലെ നാലു മുതിര്‍ന്ന ഉദ്യോഗസ്ഥരെ പദവികളില്‍ നിന്ന് നീക്കാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. സീനിയര്‍ എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥനെയും മൂന്നു ഡയറക്ടര്‍മാരെയുമാണ് പദവികളില്‍ നിന്ന് നീക്കിയത്. ഇവര്‍ക്കു പകരം വൈദ്യുതി ഉല്‍പാദന കാര്യങ്ങള്‍ക്കുളള എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ആമൂദിയെ നിയമിച്ചു. സതേണ്‍ പവര്‍ ജനറേഷന്‍ ഓപ്പറേഷന്‍സ് സെക്ടര്‍ മേധാവിയായി എന്‍ജിനീയര്‍ സഅദ് ബിന്‍ ദീബ് അല്‍ശഹ്‌റാനിയെയും ദക്ഷിണ മേഖലാ ഊര്‍ജ ഉല്‍പാദന ഗ്യാസ് നിലയ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറായി എന്‍ജിനീയര്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ശഹ്‌റാനിയെയും ശറൂറ പവര്‍ പ്ലാന്റ് ഡയറക്ടറായി എന്‍ജിനീയര്‍ അലി ബിന്‍ താലിബ് അല്‍കുഥൈരിയെയും നിയമിച്ചു.
ജൂലൈ 12 നുണ്ടായ വൈദ്യുതി സ്തംഭനത്തില്‍ അടിയന്തിര അന്വേഷണം നടത്താന്‍ സൗദി ഇലക്ട്രിസിറ്റി കമ്പനി ഡയറക്ടര്‍ ബോര്‍ഡിന് സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. വൈദ്യുതി സ്തംഭനത്തിന് ഇടയാക്കിയ കാരണങ്ങളെയും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കാലതാമസം നേരിട്ടതിനെയും കുറിച്ച് അടിയന്തിര അന്വേഷണം നടത്താനായിരുന്നു നിര്‍ദേശം. സ്വതന്ത്ര സാങ്കേതിക കണ്‍സള്‍ട്ടന്‍സി ഓഫീസുകളുടെ സഹായത്തോടെ സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വിലയിരുത്താന്‍ സൗദി ഇലക്ട്രിസിറ്റി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അടിയന്തിര യോഗം ചേര്‍ന്നാണ് കമ്പനിയിലെ നാലു മുതിര്‍ന്ന ഉദ്യോഗസ്ഥരെ പദവികളില്‍ നിന്ന് നീക്കം ചെയ്യാനും ഈ പദവികളില്‍ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനിച്ചത്.
വൈദ്യുതി സ്തംഭനത്തിലേക്ക് നയിച്ച മൂലകാരണങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചകളും അന്വേഷണ റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നു. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമായി ബ്രേയ്ക്കറുകളില്‍ ഒന്നില്‍ സംഭവിച്ച തകരാറും സംരക്ഷണ ഉപകരണങ്ങള്‍ ശരിയാംവിധം പ്രവര്‍ത്തിക്കാത്തതും ആണ് വൈദ്യുതി സ്തംഭനത്തിന് പ്രധാരണ കാരണം. ഇതിന്റെ ആഘാതം വര്‍ധിച്ചത് വൈദ്യുതി വിതരണം പൂര്‍ണമായും സ്തംഭിക്കുന്നതിലേക്ക് നയിച്ചു. ഇത് ശറൂറയില്‍ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും കാര്യക്ഷമമായും വിശ്വസനീയമായും വൈദ്യുതി സേവനം നല്‍കുന്നതില്‍ കമ്പനി പരാജയപ്പെടാന്‍ കാരണമായി.
ഏല്‍പിക്കപ്പെട്ട ജോലികളുമായി ബന്ധപ്പെട്ട കടമകള്‍ നിറവേറ്റുന്നതിലെ വീഴ്ചകളും അശ്രദ്ധയും കാരണമാണ് കമ്പനി സീനിയര്‍ എക്‌സിക്യൂട്ടീവുകളില്‍ ഒരാളെയും മൂന്നു ഡയറക്ടര്‍മാരെയും പദവികളില്‍ നിന്ന് നീക്കം ചെയ്തത്. ശറൂറയില്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സേവനം തടസ്സപ്പെടുന്നതിന് കാരണമായ പോരായ്മകള്‍ പരിഹരിക്കാന്‍ ആവശ്യമായ സാങ്കേതിക നടപടിക്രമങ്ങള്‍ നടപ്പാക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും ശറൂറ വൈദ്യുതി നിലയത്തിലെ സംരക്ഷണ ഉപകരണങ്ങളുടെ ക്രമീകരണങ്ങള്‍ പരിശോധിക്കാനും സൗദി ഇലക്ട്രിസിറ്റി ഡയറക്ടര്‍ ബോര്‍ഡിന്റെ അടിയന്തിര യോഗം തീരുമാനിച്ചു. ശറൂറയില്‍ വൈദ്യുതി സ്തംഭനം മൂലം കഷ്ടനഷ്ടങ്ങള്‍ നേരിട്ട മുഴുവന്‍ ഉപയോക്താക്കള്‍ക്കും 2,000 റിയാല്‍ തോതില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.