ജിദ്ദ: പ്രവാചകൻ മക്കയിൽ നിന്ന് മദീനയിലേക്ക് നടത്തിയ ഹിജ്‌റയുടെ (പാലായനം) വിശദാംശങ്ങളെക്കാൾ അത് എന്തിന് വേണ്ടിയായിരുന്നു എന്നാണ് നാം കൂടുതൽ അറിയേണ്ടതെന്ന് ഇസ്ലാഹീ പ്രഭാഷകനും മലപ്പുറം കോട്ടപ്പടി സലഫി മസ്ജിദ് ഖത്തീബുമായ ഉസ്മാൻ മിഷ്കാത്തി അഭിപ്രായപ്പെട്ടു. ‘ഹിജ്‌റ – നാം അറിയേണ്ട കാര്യങ്ങൾ’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
13 വർഷം മക്കയിൽ ശത്രുക്കളുടെ പീഡനമനുഭവിച്ച് കഴിയുകയും തുടർന്ന് ഒരുനിലക്കും അവിടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പായതോടെയാണ് മുഹമ്മദ് നബിയും അനുചരന്മാരും ജന്മനാടും സ്വത്തുക്കളും എല്ലാം ഉപേക്ഷിച്ച് മദീനയിലേക്ക് പോകാൻ തീരുമാനിച്ചത്. പ്രവാചകനും സന്തത സഹചാരി അബൂബക്കറും ശത്രുക്കളറിയാതെ വളരെ രഹസ്യമായി പാലായനം ചെയ്തപ്പോൾ വഴികാണിക്കാൻ അവരെ സഹായിച്ചത് ഒരമുസ്ലിം ആയിരുന്നു എന്നത് ഇന്നും ഇന്ത്യയെപ്പോലുള്ള രാജ്യത്തിലെ മുസ്ലിങ്ങൾക്ക് മാതൃകയാണ്.
അവർ യാത്രയുടെ ഇടത്താവളമാക്കിയ സൗർ ഗുഹയിലേക്ക് എന്നും ഭക്ഷണമെത്തിക്കാൻ അബൂബക്കർ മകൾ അസ്മയെ ഏർപ്പാടാക്കുകയും ശത്രുക്കളെയും മക്കയിലെ സ്ഥിതിഗതികളെയും നിരീക്ഷിക്കുന്നതിന് സ്വന്തം മകനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. അതുപോലെ മുഹമ്മദ് നബി വീട്ടിൽ നിന്നിറങ്ങുമ്പോൾ അടുത്ത ബന്ധുവായ അലിയെ സ്വന്തം വിരിപ്പിൽ കിടത്തുകയും ജനങ്ങളുമായുള്ള എല്ലാ ക്രയവിക്രയങ്ങളും തീർക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടാണ് യാത്ര പുറപ്പെട്ടത്. പ്രബോധനപ്രവർത്തനങ്ങൾക്ക് സ്വന്തം കുടുംബത്തെയാണ് ആദ്യം നാം കൂടെ കൂട്ടേണ്ടത് എന്ന പാഠമാണ് ഒന്നാമതായി നമുക്ക് ഇതിൽ നിന്നെല്ലാം ലഭിക്കുന്നത്. നിന്നോട് ചതി ചെയ്തവരായാലും വിശ്വസിച്ചേൽപ്പിച്ചത് അവർക്ക് തിരിച്ചേൽപ്പിക്കണം എന്ന ഖുർആൻ വചനമാണ് ഇങ്ങനെയൊക്കെ പ്രവർത്തിക്കാൻ പ്രവാചകന് പ്രചോദനമായത്.
ഏകാധിപതിയായ ഫിർഔനിൽ നിന്ന് രക്ഷ നേടി പ്രവാചകൻ മൂസയും അനുയായികളും ചെങ്കടൽ കടന്ന് നടത്തിയ യാത്രയായിരുന്നു ചരിത്രത്തിലെ ആദ്യത്തെ ഹിജ്‌റ. മുഹമ്മദ് നബിയുടെ കാലത്തും അനുചരന്മാർ രണ്ടു തവണ അബ്സീനിയയിലേക്കും പ്രവാചകൻ ഏകനായി തായിഫിലേക്കും ഉറ്റ സുഹൃത്ത് അബൂബക്കർ ഒറ്റയാനായിട്ടും പല പാലായനങ്ങൾ നടത്തുകയുണ്ടായി. താങ്കളേപ്പൊലുള്ള നല്ല മനുഷ്യർ ഇവിടെ നിന്ന് പോകരുതെന്ന് അബൂബക്കറിനോട് ആവശ്യപ്പെട്ട് അദ്ദേഹത്തെ തടഞ്ഞു നിർത്തിയത് ശത്രുപക്ഷത്തുള്ള ഒരാളായിരുന്നു എന്നതും വളരെ പ്രസക്തമാണ്.
അന്നത്തെ കാലത്തെ പോലെയുള്ള പാലായനങ്ങൾക്ക് ഇന്ന് പ്രസക്തി കുറവാണെങ്കിലും അല്ലാഹുവും അവന്റെ പ്രവാചകനും അരുതെന്ന് പറഞ്ഞതിൽ നിന്ന് വിട്ടുനിൽക്കലാണ് ഈ കാലഘട്ടത്തിലെ ഹിജ്‌റ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഷാഫി ആലപ്പുഴ സ്വാഗതവും ഇസ്സുദ്ധീൻ സ്വലാഹി നന്ദിയും പറഞ്ഞു.