അബുദാബി: പതിനഞ്ചാമത് ഇന്റർനാഷണൽ കരാട്ടെ സെമിനാറിൽ പങ്കെടുക്കാൻ കണ്ണൂർ കണ്ണപുരം സ്വദേശി ഷിഹാൻ മുഹമ്മദ് ഫായിസ് അമേരിക്കയിലേക്ക്. ഓഗസ്റ്റ് ഒന്നു മുതൽ നാലു വരെ നടക്കാനിരിക്കുന്ന ഇന്റർനാഷനൽ സെമിനാറിൽ അതിഥിയായും സെമിനാറിൽ സെഷനുകൾ അവതരിപ്പിച്ചും യു.എ.ഇയെ ഷിഹാൻ മുഹമ്മദ് ഫായിസ് പ്രതിനിധീകരിക്കും.
ഏഷ്യാ ഭൂഖണ്ഡത്തിൽനിന്ന് യു.എ.ഇയും ജപ്പാനും മാത്രമാണ് സെമിനാറിൽ പങ്കെടുക്കുന്നത്.
ഇത് നാലാം തവണയാണ് ഫായിസ് ഇന്റർ നാഷണൽ സെമിനാറിൽ പങ്കെടുക്കുന്നത്. ഇതിനായി ഇന്റർ നാഷനൽ കിബുക്കൻ അസോസിയേഷന്റെ പ്രത്യേക ക്ഷണം ലഭിച്ചു. യു എ ഇ കൺട്രി റപ്രസന്റേറ്ററും ടി എം എ ഫൗണ്ടറും ചീഫ് എക്‌സൈമിനറുമായ മുഹമ്മദ് ഫായിസ് ഇതിനു മുമ്പ് മൂന്ന് തവണ ജപ്പാനിൽ ഇന്റർ നാഷനൽ സെമിനാറിൽ പങ്കെടുത്തിട്ടുണ്ട്.
കരാട്ടെയോടുള്ള അഭിനിവേശവും സമർപ്പണവും ആഴത്തിലുള്ള അറിവും കഴിവും കണക്കിലെടുത്ത് ജപ്പാനിലെ ഒക്കിനാവ ഹെഡ്കോട്ടേഴ്സ് 2019 ൽ മുഹമ്മദ് ഫായിസിന് ഷിഹാൻ പദവി നൽകി ആദരിച്ചിട്ടുണ്ട്. 27 വർഷമായി യു എ ഇ യിൽ പ്രവാസിയായ ഫായിസ് അബുദാബിയിലാണ് താമസം. ഷഫീന മുഹമ്മദ് ഫായിസാണ് ഭാര്യ. മക്കൾ മുഹമ്മദ് ഫഹീം ഫായിസ്, ആയിഷ ഫായിസ്, ഫാരിഹ ഫായിസ്