പാരീസ്: ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവും സൂപ്പര്‍ താരവുമായ പിവി സിന്ധു പാരീസിലും തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഏകപക്ഷീയമായ വിജയമാണ് ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. മാലദ്വീപിന്റെ ഫാത്തിമത്ത് അബ്ദുള്‍ റസാഖിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു സിന്ധു കെട്ടുകെട്ടിച്ചു. ഗ്രൂപ്പ് എമ്മിലെ ആദ്യ മല്‍സരത്തില്‍ 21-9, 21-6 എന്ന സ്‌കോറുകള്‍ക്കായിരുന്നു സൂപ്പര്‍ താരത്തിന്റെ വിജയം.
സിന്ധുവിനു മല്‍സരത്തിന്റെ ഒരു ഘട്ടത്തിലും വെല്ലുവിളി സൃഷ്ടിക്കാന്‍ എതിരാളിക്കു കഴിഞ്ഞില്ല. തന്നേക്കാള്‍ റാങ്കിങില്‍ ഏറെ പിറകിലുള്ള ഫാത്തിമത്തിനെതിരേ ഇന്ത്യന്‍ താരം തുടക്കം മുതല്‍ കത്തിക്കയറി. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ മല്‍സരവും അവസാനിപ്പിക്കുകയായിരുന്നു. ആദ്യത്തെ ഗെയിം മുതല്‍ പഴുതടച്ച പ്രകടനം സിന്ധു പുറത്തെടുത്തതോടെ മാലദ്വീപ് താരം പല പിഴവുകളും വരുത്തുകയും ചെയ്തു.
രണ്ടാം ഗെയിമിലും സിന്ധുവിനൊപ്പമെത്താന്‍ എതിരാളിക്കായില്ല. ലീഡുമായി തുടക്കത്തില്‍ തന്നെ പിടിമുറുക്കാന്‍ ഇന്ത്യന്‍ താരത്തിനു സാധിച്ചു. 15-6നു മുന്നിലെത്തിയ അവര്‍ അടുത്ത ആറു പോയിന്റും തുടര്‍ച്ചയായി നേടി 21-6നു ഗെയിമും മല്‍സരവും കൈക്കലാക്കുകയായിരുന്നു. സിന്ധുവിന്റെ അടുത്ത ഗ്രൂപ്പ് മല്‍സരം ബുധനാഴ്ച ഉച്ചയ്ക്കു 12.50നു എസ്റ്റോണിയന്‍ താരം ക്രിസ്റ്റിന്‍ ക്യുബയ്ക്കെതിരേയാണ്.