ജിദ്ദ – റിയാദ്, ജിദ്ദ, മദീന, ദമാം നഗരങ്ങളില്‍ പുതിയ ടാക്‌സി സർവീസ് കമ്പനിക്ക് അനുമതി നല്‍കാന്‍ ഗതാഗത മന്ത്രാലയം തീരുമാനിച്ചു. പുതിയ പബ്ലിക് ടാക്‌സി കമ്പനികള്‍ക്കുള്ള ലൈസന്‍സ് അപേക്ഷകളും നിലവിലുള്ള പബ്ലിക് ടാക്‌സി കമ്പനികളില്‍ പുതിയ ടാക്‌സികള്‍ ഏര്‍പ്പെടുത്താനുള്ള അപേക്ഷകളും സ്വീകരിക്കുന്നത് നേരത്തെ ഗതാഗത മന്ത്രാലയം നിര്‍ത്തിവെച്ചിരുന്നു.
പുതിയ തീരുമാന പ്രകാരം ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള മിനിമം എണ്ണം കാറുകള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് പുതിയ കാറുകള്‍ ഉൾപ്പെടുത്താം.
2023 അവസാനത്തോടെയും അതിനു ശേഷവും പ്രവര്‍ത്തന കാലാവധി അവസാനിച്ചതിനാല്‍ സര്‍വീസില്‍ നിന്ന് ഒഴിവാക്കിയ ടാക്‌സികള്‍ക്കു പകരവും ലൈസന്‍സുള്ള ടാക്‌സി കമ്പനികള്‍ക്ക് പുതിയ കാറുകള്‍ ഏര്‍പ്പെടുത്താവുന്നതാണ്. കാലാവധിയുള്ള ഓപ്പറേറ്റിംഗ് കാര്‍ഡോ കാലാവധി അവസാനിച്ച ഓപ്പറേറ്റിംഗ് കാര്‍ഡോ ഉള്ള, പ്രവര്‍ത്തന കാലാവധി അവസാനിക്കാത്ത കാറുകള്‍ക്കു പകരവും ലൈസന്‍സുള്ള ടാക്‌സി കമ്പനികള്‍ക്ക് പുതിയ കാറുകള്‍ ഏര്‍പ്പെടുത്താവുന്നതാണ്.
ജിദ്ദ, റിയാദ്, ദമാം, മദീന നഗരങ്ങളില്‍ പുതിയ ടാക്‌സി കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതും നിലവിലുള്ള കമ്പനികളില്‍ പുതിയ ടാക്‌സി കാറുകള്‍ ഏര്‍പ്പെടുത്തുന്നതും നിര്‍ത്തിവെക്കാനാണ് ഗതാഗത മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നത്. ഈ നാലു നഗരങ്ങളിലും പബ്ലിക് ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ലൈസന്‍സ് പുതുക്കല്‍ അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ കമ്പനികളിലുള്ള ടാക്‌സികളുടെ എണ്ണം പരിമിതപ്പെടുത്തി ലൈസന്‍സ് പുതുക്കി നല്‍കാനായിരുന്നു തീരുമാനം. ഇതിലാണിപ്പോള്‍ മന്ത്രാലയം ഇളവ് വരുത്തിയിരിക്കുന്നത്.
നാലു നഗരങ്ങളിലും പുതിയ ടാക്‌സി കമ്പനികള്‍ക്ക് തുടര്‍ന്നും ലൈസന്‍സ് നല്‍കില്ല. നിലവിലുള്ള ടാക്‌സി കമ്പനികളില്‍ ടാക്‌സി കാറുകളുടെ എണ്ണം ഉയര്‍ത്തുന്നതിനുള്ള വിലക്കും തുടരും. മിനിമം എണ്ണം പൂര്‍ത്തിയാക്കാത്ത കമ്പനികളെ മാത്രമാണ് മിനിമം എണ്ണത്തില്‍ കവിയാത്ത നിലക്ക് പുതിയ ടാക്‌സികള്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുക. മറ്റു കമ്പനികളെ പ്രവര്‍ത്തന കാലാവധി അവസാനിച്ചതിന്റെയും മറ്റും പേരില്‍ സര്‍വീസില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന ടാക്‌സികള്‍ക്കു പകരം പുതിയ ടാക്‌സികള്‍ ഏര്‍പ്പെടുത്താന്‍ മാത്രമാണ് അനുവദിക്കുക.