കോഴിക്കോട്- കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനം ജിദ്ദ വിമാനതാവളത്തിൽ തന്നെ അടിയന്തിര ലാന്റിംഗ് നടത്തിയിരുന്നു. അതേസമയം, ഈ വിമാനം ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനേഴ് തവണയാണ് പറക്കലിനിടെ വഴിതിരിച്ചുവിട്ട് മറ്റു വിമാനതാവളങ്ങളിൽ ഇറങ്ങേണ്ടി വന്നത്. വ്യോമയാന മേഖലയിലെ വിദഗ്ധനായ മാധ്യമപ്രവർത്തകൻ ജേക്കബ് കെ ഫിലിപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌പൈസ്‌ജെറ്റിന്റെ, അഞ്ചുകൊല്ലം പഴക്കമുള്ള ഒരു ബോയിങ് 737 മാക്‌സ് 8 വിമാനമാണ് കഴിഞ്ഞ ദിവസം ജിദ്ദയിൽ എമർജൻസി ലാന്റിംഗ് നടത്തിയത്.
VT-MXC എന്ന റജിസ്‌ട്രേഷനുള്ള വിമാനം വ്യാഴാഴ്ച കാലത്ത് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകാൻ ടേക്കോഫു ചെയ്ത് വെറും 16,000 അടി ഉയരത്തിലെത്തുമ്പോഴേക്ക്, പതിനേഴാം മിനിറ്റിൽ, യു-ടേൺ എടുത്ത് തിരികെ ജിദ്ദയിലേക്കു തന്നെ പറന്നു ചെന്ന് അടയന്തര ലാൻഡിങ് നടത്തുകയായിരുന്നു.
ഇന്ധനം ഒഴുക്കിക്കളയാനുള്ള സംവിധാനമില്ലാത്തതിനാൽ കത്തിച്ചു കളയാനായി വിമാനം വെറും 160 കിലോമീറ്റർ തിരിച്ചു പറക്കാൻ മുക്കാൽ മണിക്കൂറോളമാണെടുത്തത്. മൂവായിരം അടിക്കു താഴെ ഉയരത്തിൽ പറന്ന് അവസാനം രണ്ടു തവണ ചുറ്റിപ്പറന്നതും ഇന്ധനം തീർക്കാൻ തന്നൊയിരുന്നു. വിമാനത്തിന്റെ കുഴപ്പമാണ് ഇന്നലത്തെ തിരിച്ചറക്കലിനു കാരണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഇതേ വിമാനം വെറും ഒരു കൊല്ലത്തിനകം പതിനേഴു തവണ ഇത്തരം തിരിച്ചിറക്കലുകൾ നടത്തിയിട്ടുണ്ട് എന്ന രേഖകൾ, സാരമായ എന്തോ പ്രശ്‌നം ഇതിനുണ്ട് എന്ന് സംശയിക്കാൻ ഇട നൽകുന്നതാണ്.
വിമാനത്തിനുണ്ടാകുന്ന, പൊതുവായ കുഴപ്പങ്ങൾ, വിമാനത്തിന്റെ ഭാരം, ഉയരം വേഗം തുടങ്ങിയവയുടെ പരിധികൾ ഏറുന്നതുമൂലമുള്ള പ്രശ്‌നങ്ങൾ, ഇന്ധനം എൻജിനിലേക്ക് എത്തുന്നതിന്റെ പ്രശ്നങ്ങൾ, ഇന്ധനം തീർന്നു പോകുന്നത്, സാങ്കേതിക തകരാർ, എൻജിൻ തകരാർ, ഫ്‌ലൈറ്റ് പ്ലാനിങ്ങിലെ അപാകതകൾ, പക്ഷിയും മൃഗങ്ങളും ഇടിക്കുന്നത്, മോശം കാലാവസ്ഥ, യാത്രക്കാർക്കുണ്ടാകുന്ന അസുഖം പോലെയുള്ള അടിയന്തര സാഹചര്യങ്ങൾ എന്നിവയാണ് വിമാനങ്ങൾ പറക്കലിനിടെ വഴിതിരിച്ചു വിട്ട് മറ്റു വിമാനത്താവളങ്ങളിൽ ഇറക്കേണ്ടി വരുന്നതിന്റെ സാധാരണ കാരണങ്ങൾ.
ഒൻപതിൽ ആറു കാര്യങ്ങളും വിമാനവുമായോ എയർലൈനുമായോ ബന്ധമുള്ളതു തന്നെയാണെന്നു വ്യക്തം. 66.67 ശതമാനം എന്ന് ഏറെ സമാന്യവൽക്കരിച്ച് പറയാം. അതനുസരിച്ച്, ഇക്കഴിഞ്ഞ പന്ത്രണ്ടു മാസത്തിനുള്ളിൽ, 17 തവണ ഡൈവേർട്ടു ചെയ്യേണ്ടിവന്നതില് 11 തവണയും പ്രശ്നകാരണം സ്പൈസ്‌ജെറ്റിന്റെ ഈ വിമാനത്തിനുണ്ടായ തകരാറും പറക്കൽ പ്ലാന് ചെയ്തവരുടെ പിഴവും ചേർന്നതാവാനാണ് സാധ്യത.
ജിദ്ദയിൽ നിന്ന് വിമാനം പറന്നുയരുമ്പോൾ ഉച്ചത്തിലുള്ള എന്തോ ശബ്ദം കേട്ടെന്നും പിന്നീട് ഉയർന്നു കഴിഞ്ഞിട്ടും ഏതോ ശബ്ദം തുടർന്നുവെന്നും യാത്രക്കാർ പറഞ്ഞിരുന്നു. വിമാനത്തിന്റെ എൻജിനുണ്ടായ തകരാറാണ് ഇത് സൂചിപ്പിക്കുന്നതെന്നു വേണം കരുതാൻ.
ഈയിനം ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള, സിഎഫ്എം ഇന്റർനാഷനൽ LEAP-1B എൻജിനുകൾ ഏറെക്കാലമായി കുഴപ്പക്കാരാണ്. അമേരിക്കയുടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയും ഈ എൻജിനെപ്പറ്റിയുള്ള അനേകം മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുള്ളതാണ്. അതനുസരിച്ച്, സിഎഫ്എം ഈ എൻജിനുകൾ പരിഷ്‌ക്കരിച്ച് കുറ്റമറ്റതാക്കാൻ ശ്രമിച്ചിട്ടുമുണ്ട്. എങ്കിലും, അതേ എൻജിനുകൾ അഞ്ചുകൊല്ലം മുമ്പ് ഘടിപ്പിച്ച ഒരു വിമാനം വീണ്ടും വീണ്ടും തകരാറിലാവുന്നത് ആശങ്കയുണ്ടാക്കുന്നത് തന്നെയാണ്.