അബഹ – പൊടിക്കാറ്റു മൂലം ദൃശ്യക്ഷമത കുറഞ്ഞതിന്റെ ഫലമായി ബീശ, അല്‍റൈന്‍ റോഡില്‍ ഇന്ന് വൈകീട്ട് ലോറികളും കാറുകളും അടക്കം 14 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരണപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ റിയാദ് ഹെല്‍ത്ത് ക്ലസ്റ്ററിനു കീഴിലെ അല്‍റൈന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നാലു പേരെ വിദഗ്ധ ചികിത്സക്കായി പിന്നീട് റിയാദ് കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്കും അല്‍ഖുവൈഇയ ജനറല്‍ ആശുപത്രിയിലേക്കും മാറ്റി. ഏഴു പേരെ അല്‍റൈന്‍ ആശുപത്രിയിലെ വ്യത്യസ്ത വിഭാഗങ്ങളില്‍ അഡ്മിറ്റ് ചെയ്തു. പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം ആരോഗ്യനില മെച്ചപ്പെട്ട എട്ടു പേര്‍ ആശുപത്രി വിട്ടു. മൃതദേഹങ്ങള്‍ അല്‍റൈന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇടിയുടെ ആഘാതങ്ങളില്‍ നിയന്ത്രണം വിട്ട കാറുകള്‍ റോഡിന്റെ ഇരുവശങ്ങളിലേക്കും പതിച്ചിരുന്നു. മറ്റു ചില കാറുകള്‍ മുഖത്തോടുമുഖം കൂട്ടിയിടിച്ച നിലയിലാണ്. ചില കാറുകള്‍ നിശ്ശേഷം തകര്‍ന്നു. പോലീസും ട്രാഫിക് പോലീസും സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റ് സംഘങ്ങളും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ പെട്ട വാഹനങ്ങളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.